രൂപാന്തരം
തന്റെ മുന്പില്‍ നിന്നും വലിച്ചെറിയപെടുന്ന മരുന്ന് കവറുകള്‍ പോലെ താനും ശൂന്യമാക്കപെടുകയാണ് എന്നുറപ്പുണ്ടായിട്ടും അരിച്ചിറങ്ങുന ട്രിപ്സിന്റെ വള്ളികളിലൂടെ തുള്ളികളായ് പടര്‍ന്നു കയറുന്ന ജീവന്റെ അംശങ്ങളില്‍ കൂടി ഇനിയും പ്രതീക്ഷയുടെ എത്രനാള്‍..?
ഉള്ളില്‍ അലയടിച്ച ഈ ചോദ്യത്തിനു മുന്പില്‍ അരവിന്ദനപ്പോള്‍ തന്നില്‍ വേരു പടര്‍ന്നിരിക്കുന്ന നിസ്സംഗത അതിരുകള്‍ ലഘിക്കുന്നു എന്നത് കൌതുകമായ് തോന്നി.....
മരുന്നുകള്‍ സമ്മാനിക്കുന്ന നിര്‍ബന്ധിത ഉറക്കങ്ങളില്‍ താന്‍ എത്രയോ തവണ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു , സുന്ദരമായ പ്രകാശ വളയങ്ങളിലൂടെ അനിര്‍വജിനീയമായ ഒരു സുഷുപ്ത ലഹരിയില്‍ ദൂരെയെവിടെക്കോ പറന്നു കൊണ്ടിരിക്കുമ്പോഴെല്ലാം ........
ലക്ഷ്യമെത്തി എന്നുറപ്പായിതുടങ്ങുമ്പോഴെക്കും
ശരീരത്തില്‍ ആഴ്ന്നിറങ്ങിയ വേദനയുടെ വേരുകള്‍ ജീവനുള്ള ഹൃദയം കഴുകനെ പോലെ കൊത്തി വലിക്കാന്‍ വീണ്ടും വീണ്ടും ജീവന്റെ തുടിപ്പികളിലേക്ക് തള്ളിയിട്ടു....
മരണം, അതിലേക്കുള്ള യാത്ര സുന്ദരമാണ്....!!
തന്റെ അനുഭവങ്ങളിലെല്ലാം അത് മനോഹരമാണെങ്കിലും ഓരോ തവണയും പ്രത്യാശകളുടെ മാനം കൂടുതല്‍ കറുപ്പിച്ചുകൊണ്ട് മുന്നിലുള്ള മുഖങ്ങളെല്ലാം പതിയെ പതിയെ മാഞ്ഞു നിദ്രകളിലെക്ക് വഴുതി വീഴുമ്പോഴെല്ലാം ഒരു നേര്‍ത്ത പ്രതീക്ഷയുടെ ശകലം മനസ്സില്‍ അവശേഷിക്കുനത്...
" ഒരു ദിവസം , നാളെയും കൂടി ഒന്ന് ഉണര്‍ന്നെങ്കില്‍''
എന്തിനാണെന്ന് അറിയില്ല, മരുന്നുകളോട് പോലും പ്രതികരിക്കാന്‍ മടി കാണിക്കുന്ന ശരീരം ഭൂമിക്കു ഭാരമാണെങ്കിലും സ്വപ്നങ്ങളുടെ മഹാമേരു പര്‍വ്വതം തലയില്‍ ചുമക്കുന്ന സ്വാര്‍ത്ഥനായ ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ....!!
അത് ഇനിയും അത്ഭുതങ്ങള്‍ ഉണ്ടായേക്കാം എന്നാ തോന്നലുകളുടെ ബാക്കി പത്രമാണെങ്കിലും താനും ഒരു ഭീരുവായ് രൂപാന്തരപെട്ടു എന്ന സത്യം അരവിന്ദനപ്പോള്‍ മനസ്സിലാക്കി.
മാസങ്ങള്‍ക്ക് മുന്പ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും വീണ്ടും പരിശോധിച്ച് വരാനിരിക്കുന്ന ദുരിതങ്ങളുടെ പരിപൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം തന്നെ വിളിപ്പിച്ചു ഡോക്ടര്‍ മുന്‍പിലുള്ള കസേര നീട്ടിയപ്പോഴാണ് ഒരു ഞെട്ടലായ് തന്റെ സ്വപ്നങ്ങളിലേക്ക് പെയ്തിറങ്ങാനുള്ള കാര്‍മേഘങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ മുന്പിലെത്തിയത്...
" അരവിന്ദന്‍ ഇരിക്കൂ..." മുന്പില്‍ ജിന്ജാസയുമായെത്തുന്ന ഏതൊരാളോടും എന്ന പോലെ ഡോക്ടര്‍.
" യെസ് ഡോക്ടര്‍ " ഉള്ളില്‍ പതഞ്ഞു പൊന്തിയ ആകാംഷകള്‍ മറച്ചു വെച്ച് ....
" ഒറ്റയ്ക്കാണോ ...? "
" ഡോക്ടറും ഒറ്റക്കല്ലേ..? " അനുചിതമായ ഒരു കോമഡി, വേണ്ടിയിരുന്നില്ല...
" എന്‍റെ കൂടെ നഴ്സുമാര്‍ ഉണ്ട് " സാഹചര്യത്തിന്റെ പിരിമുറുക്കം അല്പം കുറയ്ക്കണമെന്ന് ഡോക്ടര്‍ ഉദ്ദേശിച്ചിരിക്കണം, എന്നിട്ട് തുടര്‍ന്നു..
"വീട്ടില്‍ ആരൊക്കെ ഉണ്ട്..? "
" അച്ചന്‍, അമ്മ, ഒരു സഹോദരി.. അവളുടെ വിവാഹം കഴിഞ്ഞു ഇപ്പോള്‍ ഹസ്ബണ്ടിന്റെ വീട്ടില്‍ "
" ഉം ... അരവിന്ദന്റെ ജോലി ..? "
" ഒരു പ്രൈവറ്റ് ഫെര്‍മില്‍ മാര്‍ക്കറ്റിംഗ്" ഇത്തരം ചെറിയ കുശലങ്ങളിലും തന്റെ മനസ്സിന്റെ ഭാരം കുറയുന്നതായി അരവിന്ദന് അനുഭവപ്പെട്ടു..
" ബി ഫ്രാങ്ക് , ഞാന്‍ മുഖവുരകളില്ലാതെ കാര്യം പറയാം. അരവിന്ദന്റെ ലാബ് റിപ്പോര്‍ട്ടുകളില്‍ ചില ചെറിയ സംശയങ്ങള്‍..!!.. ശരീരമല്ലേ ചില വൈറസുകള്‍ക്ക് തോന്നുന്ന ചില കൌതുകങ്ങലായിരിക്കാം.. നമുക്കതിനെ എന്ത് പേര് വേണമെങ്കിലും വിളിക്കാം "
ചെറിയ നിശബ്ധദക്ക് ശേഷം ..
" വേറെ ആരെയെങ്കിലും കൂട്ടി ഒന്ന് വരൂ , അപ്പോഴേക്കും നമുക്ക് വിശദമായി ഒന്ന് കൂടി പരിശോധിക്കാം. ബട്ട് പെട്ടെന്ന് വേണം " ഒരു പാട് പേരുടെ ജീവിതം കൈവെള്ളയില്‍ അടുക്കിപിടിച്ച ഡോക്ടറുടെ ശബ്ദത്തിലെ ഒളിപ്പിച്ചു വച്ച വിറയലുകള്‍ അരവിന്ദന്‍ തിരിച്ചറിഞ്ഞു..
" പ്ലീസ് എന്നോട് തുറന്നു പറയു , എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്" ആര്ജിചെടുത്ത മുഴുവന്‍ മനസ്സുറപ്പോടും കൂടി ചെറിയ ഒരു പതറലോടെ അരവിന്ദന്‍ പറഞ്ഞു തീര്‍ത്തു.
വാക്കുകളിലെ നിശ്ചയം ബോധ്യപെട്ടതുകൊണ്ടോ അതോ ഇനിയെത്ര നാള്‍ കൂടി തന്നില്‍ നിന്നും ഇതോളിപ്പിക്കാന്‍ കഴിയും എന്ന സത്യം മുന്പിലുള്ളത് കൊണ്ടോ...
ഡോക്ടര്‍ പറഞ്ഞു തുടങ്ങി,
" ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് വിധിയുടെ ചില വിക്രിതികള്‍.. ,
അരവിന്ദനറിയാമോ എന്‍റെ മകനെ വിധി തട്ടിയെടുത്തത് അവന്‍ പോലും അറിയാതെയായിരുന്നു . ട്രെയിന്‍ യാത്രക്കിടെ പാലം തകര്‍ന്നു മുങ്ങി താഴ്ന്ന ബോഗികള്‍ക്കുള്ളില്‍ നിസ്സഹായാരായ ഒരുപാട് പേരുടെ കൂടെ അവനും , കുറെ ജീവിതങ്ങളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ എനിക്ക് വിധി കരുതി വച്ച സമ്മാനം "
ഡോക്ടര്‍ രണ്ടു മൂന്നു ദീര്‍ഘ ശ്വാസങ്ങള്‍ക്ക് ശേഷം, തന്നെക്കാള്‍ ആത്മസംഘര്‍ഷം അനുഭവിക്കുന്നു എന്ന് അരവിന്ദന് ഉറപ്പാക്കുന്ന വിധത്തില്‍ സ്പെക്സ് ഊരി ഇറ്റു വീഴാന്‍ ഒരുങ്ങി നിന്ന രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഒപ്പിയെടുത്തു...
" എന്‍റെ മരണവും ഉറപ്പിച്ചു കഴിഞ്ഞു അല്ലെ ..?" തന്റെ ചോദ്യം ഡോക്ടറെ ചെറുതായൊന്നു ഞെട്ടിച്ചിരിക്കണം...
" ലുക്ക് അരവിന്ദന്‍ , ഐ മീന്‍....""......."... ഡോക്ടര്‍ വാക്കുകള്‍ക്കു വേണ്ടി പരതി.
" യെസ്, എനിക്ക് മനസ്സിലാവുന്നുണ്ട്, ഇനിയെത്ര നാള്‍ കൂടി..? അതെനിക്കറിയണം, എന്‍റെ രോഗം എന്താണെന്നും ..? "
" ഒകെ , ഇതിന്റെ ലക്ഷണങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഇത്തരം വൈറസുകള്‍ ശരീരത്തിന്റെ പ്രധിരോധത്തെ പതിയെ നശിപ്പിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ചിലപ്പോള്‍ മാസങ്ങള്‍ , അതുമല്ലെങ്കില്‍ ....." ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.
" ഇപ്പോള്‍ വേണമെങ്കില്‍ ഇപ്പോള്‍ അല്ലെ..? " ചോദ്യത്തിനു ഉത്തരം ഡോക്ടറുടെ നിശബ്ദതയായിരുന്നു.
"ഇനിയിപ്പോള്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നും ബാക്കി വെക്കണ്ട അല്ലെ ..? " മറ്റൊന്നും തനിക്കു ചോദിക്കാന്‍ മനസ്സില്‍ ഉണ്ടായിരുന്നില്ലാ...
" എന്താണ് ഇത്രയും വലിയ ആഗ്രഹങ്ങള്‍..? " ഡോക്ടറുടെ ചോദ്യത്തില്‍ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസ നിറഞ്ഞിരുന്നു.
" എനിക്ക് ....... ഐ നീഡ് സം പെര്‍ഫെക്റ്റ് സെക്സ് "
" നോ........ നെവെര്‍, യു ആര്‍ നോട്ട് സപ്പോസ് ടു ...." ഒരു ഞെട്ടലായ് ഡോക്ടര്‍ പൊട്ടിത്തെറിച്ചു."
"വൈ ..? "
" ടു യു ഹാഡ് എനി എക്സ്പീരിയന്‍സസ്..? " ആ ചോദ്യത്തിനു മുന്പില്‍ മനസ്സില്‍ വെള്ളിടികള്‍ മുഴങ്ങി...
" നോ നെവെര്‍ , ഇല്ല ഞാന്‍ ... അപ്പൊ എനിക്ക് .... എനിക്ക് എയിഡ്സ്..? "
ഭീതികരമായ വസ്തുതയിലെക്കുള്ള തന്റെ ദൂരം വളരെ കുറഞ്ഞിരിക്കുനതായ് അരവിന്ദന്‍ ഉറപ്പിച്ചു.
"അന്‍ ഫോര്‍ച്ചുനേട്ടിലി, ഇട്സ് ഫെയ്റ്റ് " അതുവരെയും ഒതുക്കി വച്ചിരുന്ന മനസ്സിന്റെ ഭാരം ഇറക്കി വച്ച ഡോക്ടര്‍ ഒരു ദീര്‍ഘ നിശ്വാസം പുറത്ത് വിട്ടു....
വാക്കുകള്‍ക്കു മറുപടിയായ് കരയാന്‍ തോന്നിയില്ല, മനസ്സ് മൂന്നു വര്‍ഷം പുറകിലേക്ക് പറക്കാന്‍ തുടങ്ങി ..നോര്‍ത്തില്‍ ആയിരുന്നപ്പോള്‍ അവിടത്തെ വൃത്തികെട്ട ലാബുകളില്‍ മരുന്നുകള്‍ക്ക് വേണ്ടി കാത്തിരുന്നതും , ടെസ്റ്റുകളില്‍ മനസ്സില്‍ തികട്ടി വന്ന വേദനകള്‍ നൊമ്പരങ്ങലായ് അവശേഷിച്ചതും..... ഞാനും ഡോക്ടറും തേടിയ ചോദ്യങ്ങളുടെ ഉത്തരങ്ങളായ് മുകളില്‍ വട്ടമിട്ടു പറന്നു..
" ലുക്ക് അരവിന്ദന്‍ എന്നില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ പരിധികള്‍ വച്ച് എനിക്ക് അരവിന്ദനെ സെല്ലിലേക്ക് റഫര്‍ ചെയ്യാം...... ബട്ട് യു ആര്‍ സൊ യന്ഗ്, സമൂഹത്തിന്റെ വൃത്തികെട്ട സദാചാര കോടതികളിലെക്കോ , കമ്മേര്‍സ്യല്‍ ഡോക്യുമെന്റ്രികളുടെ ഇരകളാവാനോ ഞാന്‍ നിങ്ങളെ വിട്ടു കൊടുക്കുന്നില്ല........ അത് മാത്രമായിരിക്കും അരവിന്ദന് എനിക്ക് നല്‍കാനുള്ള ഏറ്റവും വലിയ പ്രതീക്ഷ.."
"താങ്ക് യു " ശേഷിക്കുന്ന ദിവസങ്ങള്‍ തളര്‍ന്നു വീഴുന്നതു വരെ സ്വതന്ത്രനായ് ജീവിക്കാന്‍ അവസരം നല്‍കിയ ഡോക്ടറിനു ആത്മാര്‍ത്ഥമായ നന്ദി പറഞ്ഞു...
"ഓക്കേ അരവിന്ദന്‍ , ബി പ്രിപ്പയര്‍... ആള്‍ ദ ബെസ്റ്റ്.. " മുഖത്തെ കാര്‍മേഘങ്ങള്‍ മാഞ്ഞു തുടങ്ങിയ ഡോക്ടര്‍ അടുത്ത രോഗിക്ക് വേണ്ടിയുള്ള ബെല്ലില്‍ കൈകള്‍ അമര്‍ത്തി, ഇനിയുള്ള ആവര്‍ത്തനങ്ങളില്‍ ഇതിനെക്കാള്‍ ഭീകരമായ പലതും നേരിടേണ്ടി വരും എന്ന തോന്നലുകളും ഡോക്ടറെ തികച്ചും സാധാരണമായ അവസ്ഥകളില്‍ മടക്കി എത്തിച്ചു.
മരണത്തിലേക്കുള്ള തന്റെ യാത്രയില്‍ ആദ്യമായ് ആശംസകളര്‍പ്പിച്ച ഡോക്ടറുടെ വാക്കുകളിലെ കൌതുകമോര്‍ത്തു ഹോസ്പിടലിന്റെ പടികിളറങ്ങി.
പിന്നീട് ആരെയും അറിയിക്കാതെയും ആരും അറിയാതെയും കൊഴിഞ്ഞു വീണ നാളുകള്‍, ഒടുവില്‍ വേനലില്‍ അപ്രതീക്ഷിതമായ് എത്തുന്ന കാര്‍മേഘങ്ങള്‍ പോലെ ദുരിതങ്ങളും വേദനകളും ശരീരത്തില്‍ പെയ്തിറങ്ങാന്‍ തുടങ്ങി. രോഗങ്ങള്‍ ഒന്നൊന്നായ് ശരീരത്തെ പിടിച്ചുലച്ചു , അടച്ചിട്ട മുറികളിലെ ചെറിയ ചിലന്തി വലകളുടെ ചലനം പോലും ശരീരത്തില്‍ അവശേഷിക്കുന്ന തുടിപ്പുകളെ വീര്‍പ്പു മുട്ടിച്ചു. ഒഴിവാക്കപെടാനാകാത്ത വിധിയുടെ ഭാഗമായ് ആശുപത്രി കിടക്കയില്‍ ജീവന് വേണ്ടി കഷ്ടപെടുന്ന അസ്ഥിപന്ജരം മാത്രമായ് താന്‍ രൂപാന്തരപെട്ടു എന്ന സത്യം അരവിന്ദനെ എന്നത്തെയുംപോലെ ഞെട്ടിച്ചു.
പിന്നിട്ട ജീവിതത്തിന്റെ കണക്കുപുസ്തകങ്ങില്‍ ബാധ്യതകളുടെ ഭാരങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കിലും ചിലരെങ്കിലും എപ്പോഴും എന്നെ നെഞ്ചോടു ചേര്‍ത്ത് വച്ചിരിക്കുന്നു, അനിവാര്യമായ യാത്രക്കുള്ള ചില വിലങ്ങു തടികള്‍. അതുകൂടി പൊട്ടിച്ചെറിഞ്ഞാല്‍ താന്‍ സ്വതന്ത്രനാണ് പിന്നെ ഉപേക്ഷിക്കപെട്ട ചരടില്ലാത്ത പട്ടം പോലെ തനിക്കു കാറ്റിനനുസരിച്ചു തെന്നി തെന്നി പറക്കാം... തനിക്കൊരിക്കലും അതിനാവില്ലെന്നറിഞ്ഞിട്ടും ഇത്തരം ചിന്തകളില്‍ അരവിന്ദന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ ആകാശം പൂത്തുലഞ്ഞു നിന്നു...
കപട സദാചാരം ഭീകരമായ് ജ്വലിച്ചു നിന്ന സമൂഹമെന്ന കടന്നലുകള്‍ കൂട്ടമായ് തന്നെ കല്ലെറിയുന്നു എന്നത് ഉറപ്പാക്കി കൊണ്ട് തന്റെ സന്ദര്‍ശകരുടെ എണ്ണം വിരലുകളിലെക്ക് മടങ്ങിയിരിക്കുന്നു.
"പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിഞ്ഞെങ്കില്‍.....?"
അതിനുള്ള ഉത്തരമെന്നോണം ചുമരില്‍ ജാലകത്തിനടുത്ത് വല കൂട്ടിയ ഒരു എട്ടുകാലി ഇരയുടെ പിടച്ചിലുകള്‍ക്ക് മേല്‍ ആര്‍ത്തിയുടെ അവസാനത്തെ നൂല്‍ ബന്ധനങ്ങളും ഒട്ടിച്ചു ചേര്‍ത്തു. ശരീരത്തില്‍ അരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കണികകളിള്‍ പതിവ് കാഴ്ചകള്‍ മങ്ങി വരണ്ടു കൊണ്ടിരിക്കെ അതിര് കടന്ന ആവേശത്തോടെ ആരോടെന്നിലാതേ അരവിന്ദന്റെ മനസ്സ് മന്തിച്ചു കൊണ്ടിരുന്നു....
" ഒരിക്കല്‍ കൂടി , ഒരു തവണ കൂടി....... "
No comments:
Post a Comment