Wednesday, May 19, 2010

മയില്‍പീലികുഞ്ഞുങ്ങള്‍.....


ഒന്നാം ക്ലാസ്സില്‍ ടീച്ചര്‍ കേട്ടെഴുത്ത് എടുത്തപ്പോള്‍ തെറ്റിപോയതിനു കരഞ്ഞപ്പോഴാണ് , ആദ്യമായി ഒരു മയില്‍‌പീലി എനിക്ക് സമ്മാനമായി കിട്ടിയത്.... കുട്ടികൂറ പൌടരിന്റെ മണമുള്ള നോട്ടുബുക്കിന്റെ താളുകളില്‍ വര്‍ഷങ്ങളോളം വെയില്‍ കാണിക്കാതെ ഞാനത് സൂക്ഷിച്ചു വച്ചൂ... എന്നിട്ടും അത് പ്രസവിച്ചില്ല... ഒടുവില്‍ അഞ്ചാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷയുടെ തൊട്ടു തലേന്നാണ് അലക്സ്‌ പോള്‍ ആ സത്യം എന്നോട് പറഞ്ഞത്... "നിന്റെ മയിപീലി ആണാണ്"... പൊടിപുരണ്ട ആ പുസ്തകവും പ്രസവിക്കാത്ത ആ മയില്‍പീലിയും അന്ന് ഞാന്‍ ഉപേക്ഷിച്ചു....

ഏഴാം ക്ലാസിലെ സ്റ്റഡി ടൂറിനിടയില്‍ തൃശൂര്‍ മൃഗശാലയില്‍ വച്ചാണ് ഞാന്‍ പിന്നീടു മയില്‍പീലികള്‍ നേരിട്ട് കാണുന്നത്..... വിടര്‍ന്ന പീലികളുമായി ഡാന്‍സ് ചെയ്യുന്ന നാല് മയിലുകള്‍... അടിയില്‍ ചിതറികിടക്കുന്ന .. മയില്‍പീലികള്‍.. എനിക്കുറപ്പായിരുന്നു ആ മയില്‍ പീലികള്‍ പ്രസവിക്കുമെന്നും അവയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും.. ടീച്ചര്‍ കാണാതെ കൂടുകാരി പ്രിന്‍സിക്ക് ഞാന്‍ ഒരു വാഗ്ദാനവും കൊടുത്തു... " നിനക്ക് ഞാന്‍ മയില്‍‌പീലി കുഞ്ഞുങ്ങളെ തരും...."

പിന്നീട് ഞാന്‍ മയില്‍പീലികള്‍ കാണുന്നത് കുറച്ചു ദിവസങ്ങക്ക് മുന്‍പാണ് ... പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ വച്ച് നെയ്യുള്ള ഇറച്ചിയില്‍ മല്ലിയും മുളകും അരചുചെര്‍ത്തു തേങ്ങ പാലൊഴിച്ചു വറ്റിച്ചത് മൂക്കുമുട്ടെ തട്ടിയ ശേഷം..... വീടിന്റെ പുറകിലിരുന്നു ഒരു എല്ലിന്‍ ചീളുപയോഗിച്ച് പല്ല് കുത്തുന്നതിനിടയില്‍.. ചൂട്ടിന്റെ തീയേറ്റു കരിഞ്ഞ മയില്‍പീലികള്‍ സൂര്യനെ നോക്കി കിടക്കുന്നു...

" ഈ മയില്‍പീലികളും പ്രസവിക്കില്ലാ.."

No comments:

Post a Comment