Wednesday, April 25, 2012

സായാഹ്നം

അസ്തമയ സൂര്യന്‍ പടിയിറങ്ങുമ്പോള്‍ ചെരിഞ്ഞു പറക്കുന്ന കുറച്ചു കടല്‍കാക്കകള്‍ സൂര്യനെ തന്നെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് തോന്നുന്നവിധം അവര്‍ ഇരുവരുടെയും തലകള്‍ ചെറുതായി ചലിച്ചുകൊണ്ടിരുന്നു... ആളൊഴിഞ്ഞ തീരത്ത് മുന്പെന്‍ങ്ങുമില്ലത്തവിധം ഒരു മൂകത ഉള്ളത് സത്യം തന്നെ ആണെന്ന് കാരണം ഒന്നും ഇല്ലാതെ തന്നെ അവള്‍ വിശ്വസിച്ചു. ഇഴഞ്ഞു നീങ്ങുന്ന സൂജികളില്‍ വിരലില്‍ എണ്ണാവുന്ന വാക്കുകള്‍ മാത്രമാണ് കൊഴിഞ്ഞു വീണത് എന്ന് ഓര്‍മിച്ചു കൊണ്ട് നിരഞ്ജന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വതമാനെന്നു ഉറപ്പിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

 " ഉം, ഇന്നെന്തു പറ്റി..? ഉപരിവിപ്ലവങ്ങളുടെ റാടിക്കലായ ചെയ്ന്ജ് നിന്നെ വല്ലതെ വെട്ടയാടുന്നുന്ടെന്നു തോന്നുന്നു..? "
 മനപൂര്‍വ്വമല്ലെങ്കിലും  അവള്‍ ചിരി അടക്കാന്‍ പാടുപെട്ടു.

 നിരന്ജനെ പറ്റി ഉള്ള തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല എന്നുറപ്പിച്ചുകൊണ്ട് പാതി വിരിഞ്ഞ ചുണ്ടില്‍ അയാള്‍  വാക്കുകള്‍ക്കു വേണ്ടി തപ്പി..

 " നീ, നീ എപ്പോഴും മനസ്സ് തുറന്നു ചിരിക്കുന്നു..."

 ഇത് പറഞ്ഞതിന് ശേഷം നിരഞ്ജന്‍ അവളുടെ മുഖത്തേക്ക് നോക്കാതെ അസ്തമയ സൂര്യനിലേക്കു തല ചെരിക്കാന്‍ ഒരു ശ്രമം നടത്തി. കടന്നുപോയ നിമിഷങ്ങലെക്കാള്‍ ഭയാനകമായ തണുത്ത നിശബ്ദധയിലേക്ക് വീണ്ടും ഉള്‍വലിയാന്‍ നിരഞ്ജന്‍ തയ്യാറെടുക്കുന്നതിനു മുന്പേ അരുന്ധതി വീണ്ടും സംസാരിച്ചു...

 " സത്യത്തില്‍ നമ്മള്‍ പ്രണയിക്കുകയാണോ ..? അതോ പ്രണയത്തിലായിരുന്നോ..?"

 അലറിയടിച്ച ഒരു തിരമാലയുടെ ഗര്ജ്ജനത്തിനോപ്പം നിരഞ്ജന്റെ മനസ്സു വല്ലാതെ പിടഞ്ഞു, ഉത്തരം നല്‍കുന്നതിനു പകരം അവളുടെ കണ്ണുകളിലേക്കു നോക്കുകയും അവളുടെ കൈകളില്‍ പിടി അല്പം മുറുക്കുകയും ചെയ്തു.. 32 വര്‍ഷങ്ങളില്‍ ഈ ചോദ്യം എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ടതാണെങ്കിലും ഒച്ചുകളെ പോലെ രണ്ടു പേരും ഉള്‍വലിഞ്ഞു.

 ഈ സമയം ചെറിയ കാറ്റില്‍ പാറി പരന്ന അവളുടെ മുടിയിഴകള്‍ക്കു എന്നത്തേയും പോലെ കാച്ചെണ്ണയുടെ സുഗന്ധം ഉണ്ടെന്നു നിരഞ്ജന്‍ തിരിച്ചറിഞ്ഞു.

" നിനക്കിപ്പോഴും എന്നെ മനസ്സിലാക്കാന്‍ കഴിയുന്നു, നീ മാത്രമേ......  "

വാക്കുകള്‍ മുഴുമിപ്പിക്കാതെ നിരഞ്ജന്‍ കടലിലേക്ക്‌ കണ്ണുകള്‍ പായിച്ചു , ആളൊഴിഞ്ഞ തീരത്ത് തികച്ചും ഒറ്റപെട്ട രണ്ടു ദ്വീപുകള്‍ മാത്രമാണ് തങ്ങളെന്ന് അരുന്ധതിക്ക് അപ്പോള്‍ തോന്നി, വാക്കുകള്‍ക്ക് കനം തൂങ്ങും എന്ന് ഉറപ്പായപ്പോള്‍ അവള്‍ വീണ്ടും സംസാരിച്ചു.

 "ടാ , നിനക്കൊര്‍മയുണ്ടോ കോളേജില്‍ പഠിക്കുമ്പോള്‍ വിപ്ലവം തലയ്ക്കു പിടിച്ചു നീ പറഞ്ഞു നടന്നിരുന്ന വാക്കുകള്‍"
 മറുപടി പ്രതീക്ഷിച്ചു അവള്‍ നിരന്ജനെ ചെരിഞ്ഞു നോക്കി, ഒരു കൊച്ചു കുട്ടിയെ പോലെ അയാള്‍ ആകാശത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു. അവള്‍ ചിരിച്ചു കൊണ്ട് തുടര്‍ന്നു..

" കുടുംബം എന്നത് മനുഷ്യന്‍ സ്വയം ഒരു പ്രഭാവ കേന്ദ്രത്തിലേക്ക് ഉള്‍വലിയാനുള്ള അടിസ്ഥാന കാരണമാണെന്നും, അവന്റെ സാമൂഹിക പ്രതിബദ്ധത നശിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രേരക ശക്തി അതാണെന്നും, അത് ഫാസിസ്റ്റ് സങ്കല്പ്പമാനെന്നും, സ്വയം അടിമയാകുന്നതിനുള്ള ആദ്യ ചുവടു കല്യാണമാണെന്നും നീ പറയുമായിരുന്നു.."

 അല്പമെങ്കിലും നിരഞ്ജന്‍ ഭൂതകാലത്തില്‍ ഒരു യാത്ര നടത്തി എന്ന് അവള്‍ വിശ്വസിക്കാന്‍ പാകത്തില്‍ അവന്റെ മുഖത്തു ഒരു പിരിമുറുക്കം വന്നു.

 " നമ്മള്‍ അതിന്റെ പേരില്‍ ഒരുപാട് തര്‍ക്കിച്ചു, ഞാന്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നവളാണെന്നും ജീവിതത്തിലെ സ്വാതന്ത്ര്യം വലിച്ചെറിയാന്‍ വിധിക്കപെട്ട വളാണെന്നും നീ കളിയാക്കി........... എന്നിട്ടിപ്പോ ...? "
 അരുന്ധതി നെടുവീര്‍പ്പിടുകയും കിതക്കുകയും ചെയ്തു.

 മറുപടിക്ക് പകരം നിരഞ്ജന്‍ കയ്യിലുരുന്ന സിഗരട്ട് പാക്കെറ്റിലെ മുന്നറിയിപ്പുകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു , താന്‍ അകപ്പെട്ടിരിക്കുന്ന ബന്ധനങ്ങളില്‍ തികച്ചും ഒറ്റപേട്ടിരിക്കുന്ന ഈ അവസ്ഥയില്‍ അവളോട് എന്ത് മറുപടി പറയണം എന്നത് നിരഞ്ഞ്ന്റെ മനസ്സില്‍ വലിയ ഒരു ചോദ്യം തന്നെ ആയിരുന്നു.

 ആവര്‍ത്തിക്കപെടുന്ന ഇത്തരം അവസ്ഥയിലെ മരവിപ്പ് തുടച്ചു മാറ്റുക താന്‍ തന്നെ ആണെന്ന് ഉറപ്പുള്ള അരുന്ധതി രണ്ടു മൂന്നു ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ശേഷം ചോദിച്ചു..

 " രേഖ ഇന്നലെയും വഴക്കുണ്ടാക്കിയോ..? "

 മറുപടിയായ് നിരഞ്ജന്‍ ചുണ്ടിന്റെ ഇടത്തേ കോണുകള്‍ അല്പം വക്രിച്ചു കൊണ്ട് മൂളി
 "ഉം ...."

 എന്നിട്ട് പറഞ്ഞു
 " നിനക്കറിയാലോ അവളുടെ സ്വഭാവം, ഇപ്പൊ അവള്‍ അത് കുട്ടികളിലേക്കും പകര്‍ന്നു കൊടുത്തു ....."

 അപ്പോള്‍ സൂര്യന്‍ ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു.

 "ഞാന്‍ തന്നെ ആവും വിഷയം അല്ലെ..? "
 തന്റെ ഇടതു വശത്തിരുന്ന കുട ബാഗില്‍ ആക്കുന്നതിനിടയില്‍ അരുന്ധതി ചോദിച്ചു..

 " നിനക്ക് അല്പം കൂടി കഴിഞ്ഞു പോയാല്‍ പോരെ, ഹോസ്റ്റല്‍ അടുത്തല്ലേ "
 ഇനി താന്‍ അനുഭവിക്കാന്‍ പോകുന്ന ഒറ്റപെടല്‍ ഒഴിവാക്കപെടാനാകാത്തതെങ്കിലും അല്പം കൂടി നീട്ടി കിട്ടണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.

 " 8 മണി ആയാല്‍ പിന്നെ വാര്‍ഡന്‍ സമ്മതിക്കില്ലാ. പിന്നെ  ഇപ്പോ പോയ നിനക്ക് മെയില്‍ പിടിച്ചൂടെ .." അരുന്ധതി എഴുന്നേറ്റു, ഈ മഹാനഗരത്തില്‍ രണ്ടു സര്‍ക്കാര്‍ ആഫീസുകളില്‍ തങ്ങളുടെ ജീവിതം ആവര്‍ത്തനം മാത്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു.

 " ഞാന്‍........."

കാറ്റിനൊപ്പം അവള്‍ തിരിഞ്ഞു നടന്നു, അതുവരെയും അടക്കി പിടിച്ച വിതുമ്പലുകള്‍ കണ്ണുനീര്‍ തുള്ളികളായ്  അവളുടെ  വെളുത്ത കോട്ടന്‍ സാരിയിലെ ഇളം പച്ച പൂവുകളില്‍ വീണു പരന്നു കൊണ്ടിരുന്നു.

 ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതിരുന്ന ആകാശത്ത് നോക്കി മലര്‍ന്നു കിടന്ന നിരഞ്ജന്റെ മനസ്സു ഏറ്റവും നിസ്വാര്‍ഥമായ ആഗ്രഹത്തോടെ  മന്ത്രിച്ചു ..

 " മഴ പെയ്തിരുന്നെങ്കില്‍"

No comments:

Post a Comment