Tuesday, November 30, 2010

ആരണ്യം


എല്ലാവരുടെയും അഭിപ്രായത്തില്‍ അവള്‍ സുന്ദരിയാണ്,
ഒരു പക്ഷെ നിങ്ങളുടെയും...

വിശാലമായ ശരീരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍കൂനകള്‍
മാറിടങ്ങള്‍ ആണെന്നും,മരീചികകള്‍ മാതൃത്വം ആണെന്നും
കവികള്‍ വാഴ്ത്തിപാടുന്നു.....

പണ്ടിവിടെ സമുദ്രമായിരുന്നെന്നും ,
അവളുടെ നഗ്ന മേനിക്ക് താഴെ പ്രോമിത്യുസ് ദാനം കൊടുത്ത
അഗ്നിവിത്തുകള്‍ ആണെന്നും ചിലര്‍ വാദിക്കുന്നു...

ഇനി ഞാന്‍ പറയട്ടെ..
അവള്‍ അഭിസാരികയാണ്,
മുകളില്‍ വന്നു വീഴുന്ന ജന്മങ്ങളുടെ രക്തവും,വിയര്‍പ്പും, സ്വപ്നങ്ങളും ,
ഊറ്റിയെടുത്ത് അടുത്തവന് വേണ്ടി പായ വിരിക്കുന്ന വെറും
" അഭിസാരിക "


നോട്ട്: ഇത് എന്‍റെ മാത്രം അഭിപ്രായമാണ്...

Saturday, November 27, 2010

കഴുകന്‍


അവര്‍ക്ക് ദാഹിച്ചപ്പോള്‍ ഞാന്‍ എന്‍റെ രക്തം കൊടുത്തു,
വിശന്നപ്പോള്‍ എന്‍റെ തുടയിലെ മാംസം കൊടുത്തു.

ഞാന്‍ ഉറങ്ങാതെ അവര്‍ക്ക് കാവലിരുന്നു,
എന്‍റെ സ്വപ്നങ്ങളെ ബലികൊടുത്താണെങ്കിലും....

പകരം എനിക്കവര്‍ തന്നത് ചോര പുരണ്ട എല്ലുകളും
അവശിഷ്ടങ്ങളായ അപ്പ കഷണങ്ങളും ആയിരുന്നു..

ഒടുവില്‍ ഞാനെന്റെ സ്വപ്നങ്ങള്‍ തിരികെ ചോദിച്ചു...
അവര്‍ എന്നെ നോക്കി അട്ടഹസിച്ചു..

അവര്‍ക്ക് ആവശ്യം എന്‍റെ ഹൃദയമാണ്,
ഞാന്‍ ബലികൊടുത്ത സ്വപ്നങ്ങളാണ്,
അവശേഷിക്കുന്ന അവസാനത്തെ ജീവന്റെ അംശമാണ്...

Tuesday, November 23, 2010

വിചാരണ


വെളുത്ത വിരിപ്പില്‍ വീഴാതെ പോയ ചോരത്തുള്ളികള്‍ ...!!!!
അതിനായിരുന്നു അവര്‍ അവളെ വിചാരണ ചെയ്ഹ്തത്..

കല്ലെരിയാനായ് പാപം ചെയ്യാത്തവര്‍ ആരും ശേഷിചിരുന്നില്ലാ,എങ്കിലും " കൊല്ലവളെ ...!!"
അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നു...

ചുണ്ടില്‍ ഉണങ്ങി പറ്റിപിടിച്ച ചോരതുള്ളികള്‍ക്ക് താഴെ
റൌക്കക്കുള്ളില്‍ ഒറ്റരാത്രികൊണ്ട് ഞെരിഞ്ഞമര്‍ന്ന അവളുടെ
യോവ്വനിത്തിലായുരുന്നു " സ്മാര്‍ത്തന്റെ " കഴുകന്‍ കണ്ണുകള്‍ ...

മുറുക്കാന്റെ തുപ്പലുകള്‍ക്കൊപ്പം അസഭ്യങ്ങള്‍ സഭയില്‍
ചിതറിതെറിച്ചു...
വാക്കുകള്‍ കൊണ്ട് വീണ്ടും വീണ്ടും അവള്‍ വ്യഭിച്ചരിക്കപ്പെട്ടു...

ഇരുള്‍ നിറഞ്ഞ മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ട് ,
പുകലകറ പുരണ്ട പല്ലുകള്‍ കാട്ടി " സ്മാര്‍ത്തന്‍ " മൊഴിഞ്ഞു...
" വിചാരണ തുടങ്ങാം " ....

Thursday, November 11, 2010

തിരുശേഷിപ്പുകള്‍


ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി സംസാരിച്ചു...
കര്‍ക്കിടകം കരഞ്ഞു തീര്‍ത്ത ഒരു മഴക്കാലത്തിനു ശേഷം...

എനിക്ക് പറയാന്‍ ഒന്നും അവശേഷിച്ചിരുന്നില്ല...
എങ്കിലും എനിക്ക് കേള്‍ക്കാന്‍ പലതും ഇനിയുമുണ്ടായിരുന്നു...

എന്നെ ഞാന്‍ ഉപേക്ഷിച്ച മനസ്സിന്റെ കല്ലരകളിലെ കരിവള ചില്ലുകളും ...
കരിമഷിയെഴുതിയ കണ്ണിന്റെ തിളക്കവും ഇപ്പോള്‍ വീണ്ടും വേട്ടയാടുന്നു....

ഗ്രീഷ്മത്തില്‍ അവസാന ഇലയും പൊഴിഞ്ഞു
വസന്തത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു വൃക്ഷം മാത്രമാണ് ഞാന്‍ ...

എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന അവസാനത്തെ
"തിരുശേഷിപ്പുകള്‍ക്ക്" വേണ്ടി നീ ഒരിക്കല്‍ കൂടി എന്‍റെ മുന്പില്‍ വരരുത്...

Sunday, November 7, 2010

ആത്മബലി

ഇതെന്റെ ബലി....
വെറുക്കപെടുന്നതിന് മുന്‍പുള്ള അവസ്സാനത്തെ പാഴ്വാക്കുകള്‍ .....

നാളെ നിങ്ങള്‍ എന്നെ വിചാരണ ചെയ്യും,
ഒരു പക്ഷെ പരാജിതന്‍ എന്ന് മുദ്ര കുത്തും...

വെറുക്കപ്പെട്ടവന്റെ സുവിശേഷങ്ങള്‍
നിങ്ങളുടെ ചെവികളെ അസസ്ഥമാക്കും...

നിങ്ങളുടെ വാതിലുകള്‍ എന്‍റെ മുന്പില്‍ കൊട്ടിയടക്കപ്പെടും,
സംഭാഷണങ്ങളില്‍ ഞാന്‍ ഒരു അതികപറ്റായി മാറും...

എങ്കിലും എനിക്ക് തിരിച്ചു നടന്നെ പറ്റൂ....
മനസ്സിലാക്കുക,
നിങ്ങളുടെ ശരികള്‍ നിങ്ങളുടേത് മാത്രമാണ്...

നിങ്ങള്‍ക്കും തിരിച്ചു നടക്കേണ്ടി വരാം,
അന്ന് നിങ്ങള്‍ എന്നെ പോലെ ഒറ്റക്കാവരുത്....

" ഇതെന്റെ ആത്മബലി "