Wednesday, December 22, 2010

മടക്കം

കുളമ്പടികള്‍ അടുത്ത് കഴിഞ്ഞു ,
ദ്രവിച്ചു തീര്‍ന്ന ചുമരിലെ ഈര്‍പ്പം!
കരിമ്പനുകളായ്‌ വസ്ത്രത്തില്‍ പടര്‍ന്നിരിക്കുന്നു...

ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ കുരിശ്‌ ,
തുരുമ്പ് വ്രണങ്ങളായ്
പൊട്ടിയൊലിക്കുന്നു...

ഇറ്റു വീഴുന്ന ചെലം ,
വട്ടമിട്ടു പറക്കുന്ന
ശവം തീനി ഈച്ചകള്‍ ....

കുത്തിയൊലിച്ച പ്രളയത്തില്‍
വേരറ്റ പന വൃക്ഷങ്ങള്‍ ,
ഇത് സത്യം ...!!!

" വഴികണ്ണുകള്‍ "

കിതച്ചെത്തുന്ന കാറ്റില്‍
ഈന്തപഴങ്ങളുടെ സുഗന്ധമാണ്
അവരന്വേഷിക്കുന്നത്...!!

ഊദിന്റെ പൊകച്ചുരുളുകളില്‍
അവര്‍ സ്വപ്നാടനങ്ങള്‍
തീര്‍ക്കുന്നു...


സമ്മാനങ്ങള്‍ ഇപ്പോഴും ദൂരത്താണ്
" നോക്കെത്താ ദൂരത്ത് "

Saturday, December 18, 2010

പരിണാമം

ആഴ്ചാവസാനം രാത്രിവണ്ടിയില്‍ ഗ്രാമത്തിലേക്കുള്ള യാത്ര അയാളുടെ ജീവിതത്തില്‍ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു...
പൊടി പിടിച്ച ഫയലുകള്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന ദിനങ്ങള്‍ , വിരസമായ ഒരു ട്രെയിന്‍ യാത്ര, ആവലാതികള്‍ മാത്രമായെത്തുന്ന ഭാര്യ, കൌതുകത്തോടെ മാത്രം നോക്കുന്ന കുട്ടികള്‍ ..!!!
ജീവിതം ഒരു തുടര്‍ക്കഥ മാത്രമാണ്, തുടക്കത്തിന്റെയും ഒടുക്കതിന്റെയും ഇടയില്‍ മെഴുകുതിരികള്‍ പോലെ ഒരു കത്തിയെരിയ്ല്‍ ....
അയാളുടെ കണ്ണുകള്‍ പുറത്ത് വിതൂരതയിലേക്ക് ഓടിയൊളിക്കുന്ന നഗരകാഴ്ച്കളിലായിരുന്നു, അലക്ഷ്യമായി വാച്ചില്‍ ഒന്ന് നോക്കി 12 . 20 ടി ടി ആര്‍ വന്നു പോയീ ....
യാത്രക്കാരെല്ലാം ഉറങ്ങി തുടങ്ങി , നീട്ടിയടിക്കുന്ന ഹോണ്‌കളും, ട്രെയിനിന്റെ ഇരമ്പലും മാത്രം...

ഇനി ഒന്ന് വലിക്കാം.. അയാള്‍ ഒരു വില്‍സ് എടുത്തു വളരെ പാടുപ്പെട്ടാണെങ്കിലും തീ കൊടുത്തു ......

" എക്സ്ക്യുസ്മി " അപ്പുറത്ത് കനം തൂങ്ങി നിന്ന സീറ്റിന്റെ ഇരുട്ടില്‍ നിന്നും ഒരു ചോദ്യം...
ഒരു ഞെട്ടലോടെ വില്‍സ് വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ തിരിഞ്ഞു നോക്കി..
അവള്‍ അയാള്‍ക്ക്‌ കാണാനെന്നോണം വെളിച്ചത്തിലേക്ക് നീങ്ങി ഇരുന്നു...
കഷ്ടിച്ച് ഒരു ഇരുപത്തി രണ്ടു വയസ്സ് പ്രായം, സ്ട്രയ്ട്ടന്‍ ചെയ്ത മുടി , ലിപ്സ്ടിക് ഇട്ടു ചുവപ്പിച്ച ചുണ്ടുകള്‍ , വാക്സിട്ടു സുന്ദരമാക്കിയ കാലുകള്‍ പുറത്തു കാണിക്കാന്‍ പാകത്തിലുള്ള ഷോര്‍ട്ട് അപ് , അടിയില്‍ ചെറിയ വാറുകളില്‍ ചില്ല് കഷണം പോലെ തോന്നുന്ന ചെരിപ്പുകള്‍ ... ഒറ്റനോട്ടത്തില്‍ ഇത്രയും അയാളുടെ മനസ്സില്‍ പതിഞ്ഞു...

" സോറി , ഞാന്‍ കണ്ടില്ല.. " അയാള്‍ പറഞ്ഞൊപ്പിച്ചു ..
" വൈ യു ലീവ് താറ്റ്‌ .? യു ജസ്റ്റ് വെയ്സ്റ്റ് എ ചാന്‍സ് ടു മേയ്ക്ക് എ ഹോള്‍ ഓണ്‍ യുവര്‍ ലെങ്ങ്സ്" കുപ്പ്ചില്ലുകള്‍ പോട്ടിചിതറും പോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി...
" ഇല്ല അങ്ങിനെ ഒന്നും ഇല്ല സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഒരു സുഖം, പിന്നെ ഒരു ലഹരി അത്രമാത്രം.."
"ഓക്കേ, ഇഫ്‌ യു ഡോണ്ട് മൈന്റ് ഗെറ്റ് മി വന്‍ ആള്‍സോ ..? " ചിരിയടക്കികൊണ്ട് അവള്‍ ചോദിച്ചു.
ഈ ചോദ്യം അയാളുടെ തലച്ചോറില്‍ മിന്നല്‍ പിണരുകള്‍ പായിച്ചു, വലിച്ച രണ്ടു പുകയുടെ അവശിഷ്ടങ്ങളും ചുമകളായി പുറത്ത് വന്നു...
അന്ന് വരെ വാതോരാതെ എല്ലാവരോടും പ്രസന്ഗിച്ച മുഴുവന്‍ സദാചാര ബോധവും കാറ്റില്‍ പറത്തികൊണ്ട് പാക്കെറ്റ് അവള്‍ക്കു നീട്ടി...
ഒന്നെടുത്തു വായില്‍ വച്ച് കൊണ്ട്,
" ലൈറ്റര്‍ പ്ലീസ് " അവള്‍ മൊഴിഞ്ഞു
"നോ ലൈറ്റര്‍ , ഒണ്‍ലി മാച്ചസ് " വിലകുറഞ്ഞ ഒരു കോമഡി അയാള്‍ പറഞ്ഞു..
" യു ഡാമ് സ്മാര്‍ട്ട് " അവള്‍ ചിരി നിര്‍ത്തിയില്ല...

കോളേജ് കാലത്തു അത്ര സുന്ദരമല്ലാത്ത തന്റെ മുഖം അയാള്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്,
ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു കമ്മെന്റ് അതും തികച്ചും മോഡേണ്‍ ആയ ഒരു കുട്ടി...

അവള്‍ വലിച്ചു തുടങ്ങി, അയാള്‍ അവളുടെ പല്ലുകള്‍ ശ്രദ്ധിച്ചു...
ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ അത് മനോഹരം തന്നെ... ഒരു ചെറിയ സിഗരട്റ്റ് കറ പോലും അവിടെ ഇല്ല എല്ലാം പോളിഷ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു.. മോഡേണ്‍ സംസ്കാരത്തെ അതുവരെ എതിര്‍ത്തതിനു അയാള്‍ക്ക്‌ കുറ്റബോധം തോന്നി..

" എന്താ പേര് ..? " ഇടയില്‍ തളം കെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് അയാള്‍ ചോദിച്ചു ..
" പഴയ സീത തന്നെ " ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വശ്യതയോടെ അവള്‍ പറഞ്ഞു....
ആ ഉത്തരം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല..
" ഞാന്‍ രാമന്‍ , പക്ഷെ അത്ര പഴയതല്ല " അയാള്‍ വിടാന്‍ തയ്യാറായില്ലാ...
" പക്ഷെ എനിക്കിഷ്ടം രാവണന്മാരെ ആണ് " അവള്‍ വീണ്ടും കുലുങ്ങി ചിരിച്ചു...

അതയാളുടെ മനസ്സിനെ നീറ്റിച്ചു,
ആരാണിവള്‍ .. ? കാള്‍ഗേള്‍ ..? അതോ ലഹരി തലക്കു പിടിച്ച ഏതെങ്കിലും ..? അയാളുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ന്നു...
" നീ എനിക്ക് വിലയിടുകയാണല്ലേ ..?" അവള്‍ വീണ്ടും അയാളെ ഞെട്ടിച്ചു...
" ഏയ്‌ അല്ല, ഞാന്‍ ഓരോന്ന് ആലോചിച്ചു ഇങ്ങനെ..."
" യു നോ വന്‍ തിംഗ് " ഒന്ന് നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു....
" ഐ ആം നോട്ട് എ ബിച്ച്, പക്ഷെ എനിക്ക് രാവണന്മാരെ ഇഷ്ടമാണ് ... കാടിന് പുറത്തേക്ക് എന്നെ എടുത്തു പറക്കുന്ന, മുന്നിലെത്തുന്ന ജടയുമാരുടെ ചിറകു അറിഞ്ഞു വീഴ്ത്തുന്ന, എന്നിലെ സ്ത്രീയെ അറിയുന്ന........." അവള്‍ക്കു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ...

അയാള്‍ ജനലിനു ചേര്‍ന്നിരുന്നു കൊണ്ട് ഒരു വില്‍സ് എടുത്തു തീ കൊളുത്തി ഓടിയൊളിക്കുന്ന കാഴ്ചകളിലേക്ക് മുഖം തിരിച്ചു...
ഭാര്യയുടെയും കുട്ടികളുടെയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ ഫ്ലാഷുകള്‍ പോലെ കടന്നു പോയീ....!!

തനിക്കു പത്തു തലകള്‍ ഉണ്ടെന്നും, തന്റെ തലകളില്‍ കിരീടങ്ങള്‍ ഉണ്ടെന്നും അയാള്‍ക്കപ്പോള്‍ തോന്നി,
ഇടം കൈ കൊണ്ട് അവശേഷിച്ച അരണ്ട ബള്‍ബുകളുടെയും സ്വിച് അയാള്‍ ഓഫ്‌ ചെയ്തു....

സീത അപ്പോള്‍ ലക്ഷ്മണ രേഖ കവച്ചു വക്കാനുള്ള തിരക്കിലായിരുന്നു.....

Wednesday, December 15, 2010

വിരാമം

ഇനി കാത്തിരിപ്പില്ലാ,
അതികം വൈകാതെ കൊണ്ടുവരും...
ഒരു ബീഡി കൂടി വലിക്കാം......!!

വിരാമം ,
നിശബ്ധതയെ കീറി മുറിച്ചു കൊണ്ട്
വെള്ള പുതച്ച വാഹനം ബ്രേക്കിട്ടു...

" ഉം, രണ്ടു പേരും ഉണ്ട് "
ജോണ്‍ ഉറപ്പു വരുത്തി,
അവസാനത്തെ പുകയും എരിഞ്ഞു വലിച്ചു..

" കൊലയാളി "
എല്ലാവരും അടക്കം പറഞ്ഞു...

* *
ജോണിന്റെ കുട്ടികള്‍ അവര്‍ക്ക്
കൌതുകമായിരുന്നു,
എത്ര വളര്‍ന്നിട്ടും ഇപ്പോഴും
കുട്ടികള്‍ തന്നെ...

ഒടുവില്‍ അവിടെയും
കടന്നലുകള്‍ തേടിയെത്തി...
കുട്ടികളുടെ വയറ്റില്‍
നീറ്റലും നീരും വന്നു....

വിഷം ഒക്കാനങ്ങളായി
ജോണിന്റെ ഷര്‍ട്ടില്‍ പറ്റിപിടിച്ചു....

* *

"പോ...!!! ഇനിയെങ്കിലും അവര്‍ ഉറങ്ങട്ടെ, ഞാനും... "
ജോണ്‍ പൊട്ടിത്തെറിച്ചു ....
അപ്പോഴും കടന്നലുകള്‍ മൂളിപറക്കുകയായിരുന്നു.....

Sunday, December 12, 2010

അടയാളങ്ങള്‍


വാന്‍ഗോഗിനെ ആരാധിച്ചിരുന്നെങ്കിലും,
അന്ന് എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഇല്ലായിരുന്നു....
നെരൂദയെ ഞാന്‍ വായിച്ച്ചിരുന്നെങ്കിലും,
ഭാവനകള്‍ക്ക് ചിറകുകള്‍ ഇല്ലായിരുന്നു ....

ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സില്‍ ശിവശങ്കരന്‍ സാര്‍
വര്‍ണ്ണിച്ചു കൊണ്ടിരുന്നത് സീതയുടെ പര്‍വ്വം ആയിരുന്നില്ലാ,
ലജ്ജിച്ചു മുഖം കുനിച്ചിരുന്ന പെണ്‍ തരുണികള്‍ , .
അവസാന ബഞ്ചില്‍ അവരെയും നോക്കി
കണ്ണുമിഴിച്ചിരുന്ന ഞാന്‍ ..
മനസ്സില്‍ കുറിച്ചിട്ട വരികള്‍ ,
എന്‍റെ ആദ്യത്തെ സൃഷ്ടി..

" നിങ്ങള്‍ എന്തിനു എന്‍റെ നേരെ മുഖം തിരിക്കുന്നു,
നിങ്ങളെ ഭക്ഷിക്കാന്‍ മാത്രം വിശപ്പെനിക്കില്ലാ
ഒരിക്കല്‍ എനിക്ക് വിശക്കും ,
അന്ന് ഞാന്‍ വാവിട്ടു നിലവിളിക്കും ... !!!

നെയ്യൊഴിച്ച് താളിച്ച ചോറുരുളകളെക്കാള്‍
എനിക്കിഷ്ടം
വലിച്ചെറിയപ്പെട്ട ..!!
കണ്ണുനീരിന്റെ ഉപ്പിട്ട
പാഴ് വറ്റുകള്‍ ആണ് ..

അല്ലെങ്കില്‍ ,
എന്നോടൊപ്പം വരൂ നമുക്ക്
പട്ടിണി കിടന്നു മരിക്കാം "

Wednesday, December 8, 2010

വാനപ്രസ്ഥംനാളെ പുലര്‍ച്ചെ ഞാന്‍ യാത്ര തുടങ്ങും ,
സൂര്യോദയത്തിനു മുന്പ്...

കഴുത്തില്‍ പെരുവിരലുകള്‍ താഴ്ന്നിറങ്ങിയപ്പോഴും
അവള്‍ എതിര്‍ത്തില്ല...
അവസാന ശ്വാസത്തിനോപ്പം രണ്ടു തുള്ളി കണ്ണുനീര്‍ , അത്രമാത്രം..
കുട്ടികളുടെ അമ്മ..!!!
അവള്‍ പാവമായിരുന്നു.

കത്തി ജ്വലിച്ച യൌവനത്തില്‍ വലിച്ചു കീറപെട്ട
കന്യകമാരുടെ രോദനങ്ങലോ ,
കഠാരതുമ്പില്‍ എരിഞ്ഞടങ്ങിയ പാഴ് ജന്മങ്ങളുടെ നിസ്സഹായതയോ
അല്ല എന്‍റെ യാത്രക്ക് കാരണം...
പപപരിഹാരങ്ങള്‍ക്കോ, പുനര്‍ജന്മ്ത്തിനോ അല്ലാ...


കഴിയുമെങ്കില്‍ ഞാന്‍ തിരിച്ചു വരും,
അവിടെ വീണ്ടും ഒരു " ആള്‍ ദൈവം " ജനിക്കും..

പോകുന്നതിനു മുന്പ് ഒരു കാര്യം കൂടി എനിക്ക് ഉറപ്പിക്കണം,

" ഹിംസയുടെ നേരെ ചൂണ്ടിയ ഗാന്ധിയുടെ ഒടിഞ്ഞ ചൂണ്ടു വിരല്‍ ,
അതിലിരുന്നാണോ കാക്കകള്‍ ഇപ്പോഴും കാഷ്ടിക്കുന്നത് "

Saturday, December 4, 2010

മരണകോളംരാവിലെ ചാരുകസേരയില്‍ കറുത്ത ഫ്രെയ്മുള്ള പഴകിയ കണ്ണടക്കുള്ളില്‍ കണ്ണുകള്‍ അടച്ചു വിശ്രമിക്കുകയായിരുന്നു അയാള്‍ ..... അകത്തു രേഖ പതിവുപോലെ ചിന്നുമോള്‍ക്കും അനുകുട്ടനും ഉള്ള ഭക്ഷണവുമായി പൊരുതുകയാണ്, അതിനിടയില്‍ ആരോടെന്നില്ലാത്ത പരിഭവങ്ങളും. അവളുടെ കണ്ണുകള്‍ക്കുണ്ടായിരുന്ന തിളക്കം ഇപ്പോഴില്ല, പാറിവീണ മുടികള്‍ക്കിടയില്‍ ഇപ്പോഴത്‌ പഴകിയ ഒരു ചില പാത്രങ്ങള്‍ പോലെ തോന്നുന്നു.
ചെറിയ തിണ്ണയില്‍ അവള്‍ പരിഭവങ്ങളോടെ ചായ ഗ്ലാസ്‌ അമര്‍ത്തി വച്ചപ്പോള്‍ അവളുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല, ഒരു പക്ഷെ അവള്‍ തന്നെ ശ്രധിച്ചുണ്ടാവില്ല....

ജീവിതം വല്ലാത്ത ഒരു ആവര്ത്തനങ്ങലാണ്, പെന്‍ഷന്‍ ആയാല്‍ എല്ലാവരുടെയും ജീവിതം ഇതുപോലെ തന്നെ ആവും. "ജീര്‍ണിച്ച ചുവരുകള്‍ക്കിടയില്‍ ജീവിതം നരകിച്ചു തീര്‍ത്ത അച്ഛനെപോലെ ഒരുപക്ഷെ ഞാനും..!!
വയ്യ ഇനിയും എനിക്ക് വയ്യ അയാളുടെ മനസ്സു വല്ലാതെ പിടഞ്ഞു...
മടിയില്‍ അലസമായി വിശ്രമിക്കുന്ന പത്രം എടുത്തു അയാള്‍ വായിക്കാന്‍ തുടങ്ങി, പേജുകള്‍ വളരെ വേഗം മോന്നോട്ടു നീങ്ങി, ചരമ കോളത്തില്‍ എത്തി വിശ്രമിച്ചു..‍
ഇപ്പോള്‍ കുറച്ചു നാളായി ഇങ്ങിനെയാണ്‌... മരണങ്ങളോട് ഒരു തരം സ്നേഹം, ഓരോ മരണവും അയാള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും. തന്റെ പഴകിയ കണ്ണടയുടെ ചില്ലുകളില്‍ ശ്വാസത്തിന്റെ നീരവിയെല്‍പ്പിച്ചു ബനിയനില്‍ തുടച്ചു അക്ഷരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കികൊണ്ട് ... അയാള്‍ വായന തുടര്‍ന്നു.അയാളുടെ മുഖത്ത് നരകയറിയ കണ്പോലകള്‍ക്കുള്ളില്‍ കൃഷ്ണമണികളുടെ തിളക്കം വര്‍ധിച്ചു.

"മകന്‍ അമ്മയെ കൊന്നു " , " ഭര്‍ത്താവ് ഭാര്യാകാമുകനെ കൊന്നു ", " ട്രെയിനിടിച്ച് മരിച്ചു" ,"അജ്ഞാത ജഡം കണ്ടെത്തി ", ........ തലക്കെട്ടുകള്‍ ഒന്ന് ഓടിച്ചു നോക്കി ...
"അച്ചാ.. ബൈ.." ചിന്നുമോളും അനുക്കുട്ടനും മുറ്റത്തു നിന്നു വിളിച്ചു പറഞ്ഞു...
"ഉം..." മുഖം ഉയര്‍ത്താതെ അയാള്‍ മൂളി...
പരിചിത മുഖങ്ങളെ ആയിരുന്നു അയാള്‍ തേടി കൊണ്ടിരുന്നത് , ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിരാശയാണ്. എങ്കിലും അവ്യക്തമായ ചിത്രങ്ങളെയും, ചില പേരുകളെയും പരിജയമുല്ലവരായി സങ്കല്‍പ്പിക്കാന്‍ വിഫലമായ ഒരു ശ്രമം നടത്തും..അയാള്‍ വായന തുടര്‍ന്ന്നു..

പെട്ടെന്ന് വീടിന്റെ മുന്‍പിലുള്ള പാളത്തിലൂടെ വേണാട് ചിന്നം വിളിച്ചു കൊണ്ട് പോയി. അയാള്‍ കണ്ണുകള്‍ ഉയര്‍ത്തി "ഒന്ന് , രണ്ടു, മൂന്നു, .... പതിനെട്ടു, പത്തൊന്പത്". അയാള്‍ എന്നികൊണ്ടിരുന്നു .
"രണ്ടു ബോഗി കൂടുതലാണ് ശബരിമല സീസണ്‍ അല്ലെ, ഇന്ന് രാജധാനിയും കാണും... "അയാള്‍ മനസ്സില്‍ പറഞ്ഞു.

രേഖ അകത്തു നിന്നു തലയിട്ടു നോക്കി " ഈശ്വരാ വേണാട് പോയോ ..? ഊണിനു ഒന്നും ആയില്ലാലോ ഭഗവാനെ..". നോട്ടം അയാളുടെ നേര്‍ക്കായി " ഇവിടെ ഇങ്ങനെ വെറുതേ ഇരുന്നോളും, എല്ലാം എന്‍റെ തലേലെഴുത്ത് " അവള്‍ അടുക്കളയിലേക്ക് മടങ്ങി എന്തൊക്കെയോ പുലംഭിക്കൊണ്ട്. അയാള്‍ക്കറിയാം ആ പരിഭവം വെറുതെയാണെന്ന് . ഒരിക്കല്‍ പോലും ആരെയും അടുക്കളയില്‍ കയറാന്‍ അവള്‍ അനുവദിചിട്ടില്ലാ, അതവളുടെ സാമ്രാജ്യമാണ്‌, പാവം വല്ലാതെ കഷ്ടപെടുന്നുണ്ട് . അയാള്‍ മനസിലോര്‍ത്തു എന്നേക്കാള്‍ പതിനഞ്ചു വയസ്സിനു താഴെ, ഇപ്പോഴും യൌവനത്തില്‍ തന്നെ.

കടപ്പാടുകളുടെ പേരില്‍ സ്വപ്‌നങ്ങള്‍ ബലികഴിക്കപെട്ട മറ്റൊരു ജന്മം. താഴെ ഉള്ള രണ്ടു പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്തവള്‍ . എങ്കിലും അവള്‍ അതിന്റെ പേരില്‍ ഒരിക്കല്‍ പോലും കുറ്റപെടുത്ത്തിയില്ല. എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ എരിഞ്ഞടങ്ങുന്നു.

വീണ്ടും ചരമ കോളത്തിലേക്ക്..
കണ്ണുകള്‍ പെട്ടെന്ന് ഒരു ചിത്രത്തില്‍ നിന്നു . "അതെ ഇത് അവള്‍ തന്നെ" അയാള്‍ പുലംബി. വിറയലോടെ അയാള്‍ വായിച്ചു.

തൃശൂര്‍ : പരേതനായ ഗോവിന്ദന്‍ നായരുടെ മകള്‍ അരുന്ധതി ( അന്‍പത്തി അന്ജ് ) ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു. സഹോദരിമാര്‍ അഖില രാജശേഖര്‍ , ഗായത്രി സേതുമാധവന്‍ , ലക്ഷ്മി ഗംഗാധരന്‍ . സംസകാരം ഇന്ന് ഉച്ചക്ക് ഒന്നേ പതിനന്ജിനു.

അയാള്‍ വല്ലാതെ വിറക്കാന്‍ തുടങ്ങി, ഉറക്കെ പൊട്ടി കരയണം എന്നുണ്ടായിരുന്നു അയാള്‍ക്ക്‌ ശബ്ദം പുറത്ത് വന്നില്ല. ഒരിക്കല്‍ കൂടി അയാള്‍ വാര്‍ത്ത വായിച്ചു തീര്‍ത്തു.
കണ്ണുനീര്‍ തുള്ളികള്‍ പത്രത്തില്‍ ഇറ്റിറ്റു വീണു കൊണ്ടിരുന്നു. അവളുടെ ചിത്രത്തിലേക്ക് നോക്കി. ഏതോ ഒരു പഴയ ചിത്രം, എങ്കിലും അവളുടെ കണ്ണുകള്‍ അതിപ്പോഴും അതുപോലെ തന്നെ.
അയാള്‍ ഭൂത കാലത്തിലേക്ക് പറക്കാന്‍ തുടങ്ങി.

* * *
വീട്ടില്‍ നിന്നുള്ള ആദ്യത്തെ മോചനം, ജോലിയില്‍ പ്രവേശിച്ചു നിയമനം തൃശൂരില്‍ . അവിടെ ചെന്നു മാനേജരുടെ മുന്പില്‍ റിപ്പോര്‍ട്ട്‌ ചെയ്തു. നിസ്സംഗമായ പ്രതികരണം. രണ്ടു ചോദ്യങ്ങള്‍ ,
" ഏതുവരെ പഠിച്ചു?"
"എം. കോം."
എക്കൌടിംഗ് ഒക്കെ അറിയുമോ ?"
"ഉവ്വ്" എന്ന് അയാളുടെ മറുപടി.
"ഉം.." ഒരു മൂളല്‍ മാത്രം തിരിച്ചു, പിന്നെ " ജോലി തുടങ്ങിക്കോളൂ" മാനേജര്‍ വീണ്ടും ഫയലുകല്‍ക്കിടയിലേക്ക് തല പൂഴ്ത്തി.എന്നിട്ട് എന്ത് ജോലി എന്ന അര്‍ത്ഥത്തില്‍ ഒരു പരിഹാസ ചിരിയും.

അയാള്‍ ഓഫീസിലേക്ക് കയറി എല്ലാവരും വളരെ പാട് പെട്ട് ചിരിക്കാന്‍ ഒരു ശ്രമം നടത്തി, എന്നിട്ട് വീണ്ടും മുഖം താഴ്തി. പ്യൂണ്‍ ഇരിപ്പിടം കാണിച്ചു തന്നു. അമ്പരപ്പോടെ ചുറ്റും നോക്കുന്നതിനടിയില്‍ എതിരെ അതാ തന്നെ നോക്കി ഒരു കുട്ടി. ജാള്യത മൂലം മുഖം കുനിച്ചു. അവളും അത് പ്രതീക്ഷിച്ചിരുന്നില്ല, അവള്‍ക്കും അല്പം ചമ്മലുണ്ടായിരുന്നു.
ഉച്ചക്ക് മാനേജര്‍ എല്ലാവരെയും പരിചയപെടുത്തി.
ഇത് കുമാരന്‍ , ഇത് രമേശന്‍ , ഇത് ലതിക അങ്ങനെ അവസാനം ഇത് " അരുന്ധതി "
" അരുന്ധതി " ആ പേര് ഒരിക്കല്‍ കൂടി മനസ്സില്‍ പറഞ്ഞു, എന്തെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി രണ്ടു മൂന്ന് തവണ നാട്ടില്‍ വന്നു തിരിച്ചു പോയീ. ഓഫീസില്‍ എല്ലാവരുമായി ഒരു സൌഹൃദം ഒക്കെ ആയി. അവളോടോഴിച്ചു, എന്തോ മനപൂര്‍വം രണ്ടു പേരും ഒരു അകലം പാലിച്ചു. എങ്കിലും അവളുടെ കണ്ണുകള്‍ അയാളെ വല്ലാതെ വെട്ടയാടീ.അവളെ വെറുതേ നോക്കിയിരിക്കുക ഒരു പതിവായി.
ഒടുവില്‍ കര്‍ക്കിടകം തകര്‍ത്തു പെയ്ത ഒരു ദിവസം.
"അരുന്ധതീ എനിക്ക് ഒരു കാര്യം പറയാനുണ്ട് " അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു
" എനിക്കറിയാം, പറയണ്ടാ " അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു,വെളുപ്പില്‍ വയലറ്റ് പൂക്കളുള്ള ഒരു ഷിഫോണ്‍ സാരിയാണ് അവള്‍ ഉടുത്തിരുന്നത്,അവള്‍ക്കപ്പോഴും കൈതപൂക്കളുടെ സുഗന്ധം ആയിരുന്നു...

പിന്നീടു നിശബ്ദ പ്രണയത്തിന്റെ നാളുകള്‍ ... കണ്ണുകള്‍ , കണ്ണുകളെ പ്രണയിച്ചു.. ഒരു ദിവസം പോലും അവളെ കാണാതിരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.. ഒഴിവു ദിവസങ്ങളില്‍ ഉറങ്ങാതെ കഴിച്ച നാളുകള്‍ ...
അവളെ പറ്റി കൂടതലായി ഒന്നും ചോദിച്ചില്ല, അവളും...

ദിവസങ്ങള്‍ ഋതുക്കള്‍ക്ക് വഴി മാറി, വസന്തങ്ങള്‍ കൊഴിഞ്ഞു.. അവളും മാറുകയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു..
അറിഞ്ഞു കൊണ്ട് ഒരു ഒഴിഞ്ഞു മാറ്റം, പൊട്ടിത്തെറിക്കു ശേഷമുള്ള മരണത്തിനെക്കള്‍ മരവിപ്പുല്ലാ അഗ്നിപര്‍വതത്തിന്റെ ഭയാനകമായ ശാന്തത ആയി അതയാള്‍ക്ക്‌ തോന്നി...

മുറ്റത്തെ ഗുല്‍മോഹറിന്റെ അവസാനത്തെ പൂവും കൊഴിഞ്ഞു തീര്‍ന്ന ഒരു ദിവസം, അയാള്‍ അവളോട്‌ പ്രഘ്യാപിച്ചു...!!

"നീയില്ലെങ്കില്‍ എനിക്ക് ജീവിതം ഇല്ലാ .. എന്‍റെ ജീവന്‍ നീ ആണ്, "ഞാന്‍ നിന്നെ കല്യാണം കഴിക്കാന്‍ പോവാണ്" പിന്നെടെന്തോക്കെയോ പറയാന്‍ ശ്രമിച്ചു ഒന്നും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍ വല്ലാതെ കിതച്ചു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു....
മുന്പ് മനസ്സില്‍ പറഞ്ഞുറച്ച എന്തോ ഒന്നിനായി അവള്‍ തിരയുന്ന പോലെ തോന്നി, അവളില്‍ നിന്നു പുറത്ത് വന്നത് തേങ്ങലുകള്‍ മാത്രമായിരുന്നു... പിന്നീടൊന്നും അവള്‍ സംസാരിച്ചില്ല..
അതിനു ശേഷം രണ്ടു ദിവസത്തേക്ക് അവളെ കണ്ടില്ല മൂന്നാം ദിവസം വളരെ നേരത്തെ അവളെത്തി,
ഓഫീസിനടുത്തായത് കൊണ്ട് അയാളും.
"രണ്ടാളും നേരത്തെ ആണല്ലോ, ഞാന്‍ ഇപ്പോള്‍ ചായ കൊണ്ട് വരാം " പ്യൂണ്‍ പുറത്ത് പോയീ..
അയാള്‍ അവളെ കെട്ടി പിടിച്ചു നെറുകയില്‍ ചുംബിച്ചു, പവിത്ര പ്രണയത്തിന്റെ ആദ്യത്തെ ദിവ്യ സ്പര്‍ശം.
"എന്ത് പറ്റി നിനക്ക് , നീ എവിടെ ആയിരുന്നു " അയാള്‍ ചോദിച്ചു നിര്‍ത്തി.
അയാളെ പിടിച്ചു മാറ്റികൊണ്ട് അവള്‍ പറഞ്ഞു
" ഒന്നും വിചാരിക്കരുത് എന്‍റെ വിവാഹം വേറൊരാളുമായി ഉറപ്പിച്ചിരിക്കുകയാണ് " അവള്‍ക്കപ്പോള്‍ വല്ലാത്ത ഒരു ഭാവം ആയിരുന്നു, അയാള്‍ ഇതുവരെയും സങ്കല്പ്പിക്കാത്തത്...
രണ്ടുപേരും അറിയാതെ പൂക്കള്‍ കൊഴിഞ്ഞ ഗുല്‍മോഹര്‍ മരത്തിലേക്ക് ഒന്ന് നോക്കി...
അയാള്‍ക്ക്‌ ശ്വാസം നിലച്ചത് പോലെ തോന്നി, ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു.
അയാളെ ഒഴിവാക്കാനെന്നോണം അവള്‍ മുഖം തിരിച്ചു, അവള്‍ കരയുകയായിരുന്നു. അവള്‍ തിരിച്ചു പോയി. ഉച്ചവരെ അയാള്‍ ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ കഴിച്ചുകൂട്ടി.പിന്നെ രണ്ടും കല്‍പ്പിച്ചു അവളുടെ വീടന്വേഷിച്ച്‌ കണ്ടെത്തി അവിടെ ചെന്നു.
അയാള്‍ക്ക്‌ മറ്റൊന്നും ചെയ്യാനില്ലായിരുന്നു അല്ലെങ്കില്‍ അറിയില്ലായിരുന്നു..!!

തകര്‍ന്നു വീഴാറായ ഒരു പഴയ ഓടു പുര മുറ്റത്തു ഓടി കളിക്കുന്ന രണ്ടു പെണ്‍കുട്ടികളും ഇറയത്ത്‌ ഇരുന്നു പഠിക്കുന്ന മറ്റൊരു കുട്ടിയും.
" അരുന്ധതീടെ വീട് ഇത് തന്നെ അല്ലെ ?"
"ചേച്ചീ " എന്ന് വിളിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അകത്തേക്കൊടീ..
" ആരാ ഇതു കയറിയിരിക്കു " അരുന്ധതി ഇറങ്ങി വന്നു.
"അച്ചന്‍ ..?"
"കിടപ്പിലാ" അവളുടെ നിര്‍വികാരമായ മറുപടി "ഈ കുട്ടികള്‍ക്ക് ഞാനല്ലാതെ വേറാരും ഇല്ല.."
" അപ്പൊ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞത് " അയാള്‍ക്ക് ചോദികാതിരിക്കാന്‍ കഴിഞ്ഞില്ലാ
" അത് സത്യം തന്നെയാ " അയാളുടെ മുഖം നോക്കാതെ അവള്‍ പറഞ്ഞു
" ഞാന്‍ ചായ എടുക്കാം " വിതുമ്പലോടെ അവള്‍ പറഞ്ഞൊപ്പിച് അകത്തേക്ക് കയറി

അയാള്‍ ഇറങ്ങി ഓടുകയായിരുന്നു, ആദ്യം മരിക്കാന്‍ തീരുമാനിച്ചു പക്ഷെ കഴിഞ്ഞില്ലാ, പിന്നീട് സ്വയം നശിക്കാന്‍ തുടങ്ങി.. ബോംബെയിലും, കല്‍ക്കട്ടയിലും എരിഞ്ഞു തീര്‍ന്ന നാളുകള്‍.. അവളെ മറക്കാനാകാതെയും, മരിക്കാനാകാതെയും കഴിഞ്ഞ നാളുകള്‍, വര്‍ഷങ്ങളോളം... ഒടുവില്‍ വീട്ടുകാര്‍ തേടി പിടിച്ചു, വീണ്ടും ജോലി, വിവാഹം, കുട്ടികള്‍ അങ്ങനെ...

ഇപ്പോഴും രാത്രിയുടെ അവസാന യാമങ്ങളില്‍ വിയര്‍ത്തോട്ടിയ സാരിയുമായി പൂച്ചകുട്ടിയെ പോലെ കിടന്നുറങ്ങുന്ന രേഖയുടെ ശ്വസങ്ങല്‍ക്കൊപ്പം അവളും തികട്ടി വരുന്നു...

* * *
"ടാന്ഗ്" , ക്ലോക്കിന്റെ കാലന്‍ സൂജി ഒന്നില്‍ തൂങ്ങി നിന്നു..

അയാള്‍ ഭൂതകാലത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു, ഒരിക്കല്‍ കൂടി അരുന്ധതിയെ നോക്കി.. എന്നിട്ട് ഉറച്ച കാല്‍ വെപ്പുകളുമായി അകത്തേക്ക് നടന്നു.
"നീയില്ലെങ്കില്‍ എനിക്ക് ജീവിതം ഇല്ലാ .. എന്‍റെ ജീവന്‍ നീ ആണ്" ഈ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി...

" ഊണ് കാലായിട്ടോ, വിളംബി വച്ചിട്ടുണ്ട്" രേഖ പറഞ്ഞിട്ട് പോയി.
അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല, അകത്തു നിന്നു ഡയറക്ടറി തപ്പിയെടുത്തു...

നമ്പര്‍ ഡയല്‍ ചെയ്തു..

" ഹലോ" അപ്പുറത്ത് നിന്നു പരുക്കനായ ശബ്ദം.
" പത്രമാഫീസല്ലേ " അയാള്‍ ചോദിച്ചു.
" അതെ എന്താ കാര്യം " ഓഫീസര്‍ തിടുക്കം കൂട്ടി
" ഒരു ചരമ വാര്‍ത്തയുണ്ടായിരുന്നു "
"ഉം.. പേര്.? " അപ്പുറത്ത് നിന്നു നിര്‍വികാരമായ ചോദ്യം
" അരവിന്ദന്‍ , വയസ്സ് 61 , ഭാര്യ രേഖ, മക്കള്‍ അനൂപ്‌ , ആതിര ( ചിന്നു )...... " അയാള്‍ക്ക്‌ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, റിസീവര്‍ താഴെ വീണു..
" ഹലോ , ഹലോ " അപ്പുറത്ത് ഫോണ്‍ കട്ടായി..

രേഖ വിളംബി വെച്ച ചോറ് നോക്കാതെ അരവിന്ദന്‍ പുറത്തേക്ക് കുതിച്ചു... രാജധാനി എക്സ്പ്രസ്സിന്റെ ഹോണ്‍ അരവിന്ദന് അപ്പോള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു....
ചാരുകസേരയില്‍ ഉപേക്ഷിക്കപെട്ട പത്രത്തിന്റെ മരണ കോളത്തില്‍ "അരുന്ധതി " അപ്പോഴും ചിരിക്കുക ആയിരുന്നു...