
രാവിലെ ചാരുകസേരയില്‍ കറുത്ത ഫ്രെയ്മുള്ള പഴകിയ കണ്ണടക്കുള്ളില്‍ കണ്ണുകള്‍ അടച്ചു വിശ്രമിക്കുകയായിരുന്നു അയാള്‍ ..... അകത്തു രേഖ പതിവുപോലെ ചിന്നുമോള്‍ക്കും അനുകുട്ടനും ഉള്ള ഭക്ഷണവുമായി പൊരുതുകയാണ്, അതിനിടയില്‍ ആരോടെന്നില്ലാത്ത പരിഭവങ്ങളും. അവളുടെ കണ്ണുകള്‍ക്കുണ്ടായിരുന്ന തിളക്കം ഇപ്പോഴില്ല, പാറിവീണ മുടികള്‍ക്കിടയില്‍ ഇപ്പോഴത് പഴകിയ ഒരു ചില പാത്രങ്ങള്‍ പോലെ തോന്നുന്നു.
ചെറിയ തിണ്ണയില്‍ അവള് പരിഭവങ്ങളോടെ ചായ ഗ്ലാസ് അമര്‍ത്തി വച്ചപ്പോള്‍ അവളുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല, ഒരു പക്ഷെ അവള് തന്നെ ശ്രധിച്ചുണ്ടാവില്ല....
ജീവിതം വല്ലാത്ത ഒരു ആവര്ത്തനങ്ങലാണ്, പെന്ഷന് ആയാല്‍ എല്ലാവരുടെയും ജീവിതം ഇതുപോലെ തന്നെ ആവും. "ജീര്‍ണിച്ച ചുവരുകള്‍ക്കിടയില്‍ ജീവിതം നരകിച്ചു തീര്‍ത്ത അച്ഛനെപോലെ ഒരുപക്ഷെ ഞാനും..!!
വയ്യ ഇനിയും എനിക്ക് വയ്യ അയാളുടെ മനസ്സു വല്ലാതെ പിടഞ്ഞു...
മടിയില്‍ അലസമായി വിശ്രമിക്കുന്ന പത്രം എടുത്തു അയാള്‍ വായിക്കാന്‍ തുടങ്ങി, പേജുകള്‍ വളരെ വേഗം മോന്നോട്ടു നീങ്ങി, ചരമ കോളത്തില്‍ എത്തി വിശ്രമിച്ചു..
ഇപ്പോള്‍ കുറച്ചു നാളായി ഇങ്ങിനെയാണ്... മരണങ്ങളോട് ഒരു തരം സ്നേഹം, ഓരോ മരണവും അയാള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കും. തന്റെ പഴകിയ കണ്ണടയുടെ ചില്ലുകളില്‍ ശ്വാസത്തിന്റെ നീരവിയെല്‍പ്പിച്ചു ബനിയനില്‍ തുടച്ചു അക്ഷരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കികൊണ്ട് ... അയാള്‍ വായന തുടര്‍ന്നു.അയാളുടെ മുഖത്ത് നരകയറിയ കണ്പോലകള്ക്കുള്ളില് കൃഷ്ണമണികളുടെ തിളക്കം വര്‍ധിച്ചു.
"മകന് അമ്മയെ കൊന്നു " , " ഭര്‍ത്താവ് ഭാര്യാകാമുകനെ കൊന്നു ", " ട്രെയിനിടിച്ച് മരിച്ചു" ,"അജ്ഞാത ജഡം കണ്ടെത്തി ", ........ തലക്കെട്ടുകള്‍ ഒന്ന് ഓടിച്ചു നോക്കി ...
"അച്ചാ.. ബൈ.." ചിന്നുമോളും അനുക്കുട്ടനും മുറ്റത്തു നിന്നു വിളിച്ചു പറഞ്ഞു...
"ഉം..." മുഖം ഉയര്‍ത്താതെ അയാള്‍ മൂളി...
പരിചിത മുഖങ്ങളെ ആയിരുന്നു അയാള്‍ തേടി കൊണ്ടിരുന്നത് , ഒരാളെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിരാശയാണ്. എങ്കിലും അവ്യക്തമായ ചിത്രങ്ങളെയും, ചില പേരുകളെയും പരിജയമുല്ലവരായി സങ്കല്പ്പിക്കാന് വിഫലമായ ഒരു ശ്രമം നടത്തും..അയാള്‍ വായന തുടര്ന്ന്നു..
പെട്ടെന്ന് വീടിന്റെ മുന്‍പിലുള്ള പാളത്തിലൂടെ വേണാട് ചിന്നം വിളിച്ചു കൊണ്ട് പോയി. അയാള്‍ കണ്ണുകള്‍ ഉയര്‍ത്തി "ഒന്ന് , രണ്ടു, മൂന്നു, .... പതിനെട്ടു, പത്തൊന്‍പത്". അയാള്‍ എന്നികൊണ്ടിരുന്നു .
"രണ്ടു ബോഗി കൂടുതലാണ് ശബരിമല സീസണ് അല്ലെ, ഇന്ന് രാജധാനിയും കാണും... "അയാള്‍ മനസ്സില്‍ പറഞ്ഞു.
രേഖ അകത്തു നിന്നു തലയിട്ടു നോക്കി " ഈശ്വരാ വേണാട് പോയോ ..? ഊണിനു ഒന്നും ആയില്ലാലോ ഭഗവാനെ..". നോട്ടം അയാളുടെ നേര്‍ക്കായി " ഇവിടെ ഇങ്ങനെ വെറുതേ ഇരുന്നോളും, എല്ലാം എന്റെ തലേലെഴുത്ത് " അവള് അടുക്കളയിലേക്ക് മടങ്ങി എന്തൊക്കെയോ പുലംഭിക്കൊണ്ട്. അയാള്‍ക്കറിയാം ആ പരിഭവം വെറുതെയാണെന്ന് . ഒരിക്കല്‍ പോലും ആരെയും അടുക്കളയില്‍ കയറാന്‍ അവള് അനുവദിചിട്ടില്ലാ, അതവളുടെ സാമ്രാജ്യമാണ്, പാവം വല്ലാതെ കഷ്ടപെടുന്നുണ്ട് . അയാള്‍ മനസിലോര്‍ത്തു എന്നേക്കാള്‍ പതിനഞ്ചു വയസ്സിനു താഴെ, ഇപ്പോഴും യൌവനത്തില്‍ തന്നെ.
കടപ്പാടുകളുടെ പേരില്‍ സ്വപ്നങ്ങള്‍ ബലികഴിക്കപെട്ട മറ്റൊരു ജന്മം. താഴെ ഉള്ള രണ്ടു പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്തവള്‍ . എങ്കിലും അവള് അതിന്റെ പേരില്‍ ഒരിക്കല്‍ പോലും കുറ്റപെടുത്ത്തിയില്ല. എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ എരിഞ്ഞടങ്ങുന്നു.
വീണ്ടും ചരമ കോളത്തിലേക്ക്..
കണ്ണുകള്‍ പെട്ടെന്ന് ഒരു ചിത്രത്തില്‍ നിന്നു . "അതെ ഇത് അവള് തന്നെ" അയാള്‍ പുലംബി. വിറയലോടെ അയാള്‍ വായിച്ചു.
തൃശൂര്‍ : പരേതനായ ഗോവിന്ദന് നായരുടെ മകള്‍ അരുന്ധതി ( അന്‍പത്തി അന്ജ് ) ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു. സഹോദരിമാര്‍ അഖില രാജശേഖര്‍ , ഗായത്രി സേതുമാധവന് , ലക്ഷ്മി ഗംഗാധരന് . സംസകാരം ഇന്ന് ഉച്ചക്ക് ഒന്നേ പതിനന്ജിനു.
അയാള്‍ വല്ലാതെ വിറക്കാന്‍ തുടങ്ങി, ഉറക്കെ പൊട്ടി കരയണം എന്നുണ്ടായിരുന്നു അയാള്‍ക്ക് ശബ്ദം പുറത്ത് വന്നില്ല. ഒരിക്കല്‍ കൂടി അയാള്‍ വാര്‍ത്ത വായിച്ചു തീര്‍ത്തു.
കണ്ണുനീര് തുള്ളികള്‍ പത്രത്തില്‍ ഇറ്റിറ്റു വീണു കൊണ്ടിരുന്നു. അവളുടെ ചിത്രത്തിലേക്ക് നോക്കി. ഏതോ ഒരു പഴയ ചിത്രം, എങ്കിലും അവളുടെ കണ്ണുകള്‍ അതിപ്പോഴും അതുപോലെ തന്നെ.
അയാള്‍ ഭൂത കാലത്തിലേക്ക് പറക്കാന്‍ തുടങ്ങി.
* * *
വീട്ടില്‍ നിന്നുള്ള ആദ്യത്തെ മോചനം, ജോലിയില്‍ പ്രവേശിച്ചു നിയമനം തൃശൂരില്‍ . അവിടെ ചെന്നു മാനേജരുടെ മുന്പില് റിപ്പോര്‍ട്ട് ചെയ്തു. നിസ്സംഗമായ പ്രതികരണം. രണ്ടു ചോദ്യങ്ങള്‍ ,
" ഏതുവരെ പഠിച്ചു?"
"എം. കോം."
എക്കൌടിംഗ് ഒക്കെ അറിയുമോ ?"
"ഉവ്വ്" എന്ന് അയാളുടെ മറുപടി.
"ഉം.." ഒരു മൂളല്‍ മാത്രം തിരിച്ചു, പിന്നെ " ജോലി തുടങ്ങിക്കോളൂ" മാനേജര്‍ വീണ്ടും ഫയലുകല്‍ക്കിടയിലേക്ക് തല പൂഴ്ത്തി.എന്നിട്ട് എന്ത് ജോലി എന്ന അര്‍ത്ഥത്തില്‍ ഒരു പരിഹാസ ചിരിയും.
അയാള്‍ ഓഫീസിലേക്ക് കയറി എല്ലാവരും വളരെ പാട് പെട്ട് ചിരിക്കാന്‍ ഒരു ശ്രമം നടത്തി, എന്നിട്ട് വീണ്ടും മുഖം താഴ്തി. പ്യൂണ്‍ ഇരിപ്പിടം കാണിച്ചു തന്നു. അമ്പരപ്പോടെ ചുറ്റും നോക്കുന്നതിനടിയില്‍ എതിരെ അതാ തന്നെ നോക്കി ഒരു കുട്ടി. ജാള്യത മൂലം മുഖം കുനിച്ചു. അവളും അത് പ്രതീക്ഷിച്ചിരുന്നില്ല, അവള്‍ക്കും അല്പം ചമ്മലുണ്ടായിരുന്നു.
ഉച്ചക്ക് മാനേജര്‍ എല്ലാവരെയും പരിചയപെടുത്തി.
ഇത് കുമാരന് , ഇത് രമേശന് , ഇത് ലതിക അങ്ങനെ അവസാനം ഇത് " അരുന്ധതി "
" അരുന്ധതി " ആ പേര് ഒരിക്കല്‍ കൂടി മനസ്സില്‍ പറഞ്ഞു, എന്തെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി രണ്ടു മൂന്ന് തവണ നാട്ടില്‍ വന്നു തിരിച്ചു പോയീ. ഓഫീസില്‍ എല്ലാവരുമായി ഒരു സൌഹൃദം ഒക്കെ ആയി. അവളോടോഴിച്ചു, എന്തോ മനപൂര്‍വം രണ്ടു പേരും ഒരു അകലം പാലിച്ചു. എങ്കിലും അവളുടെ കണ്ണുകള്‍ അയാളെ വല്ലാതെ വെട്ടയാടീ.അവളെ വെറുതേ നോക്കിയിരിക്കുക ഒരു പതിവായി.
ഒടുവില്‍ കര്‍ക്കിടകം തകര്‍ത്തു പെയ്ത ഒരു ദിവസം.
"അരുന്ധതീ എനിക്ക് ഒരു കാര്യം പറയാനുണ്ട് " അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു
" എനിക്കറിയാം, പറയണ്ടാ " അവള് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു,വെളുപ്പില്‍ വയലറ്റ് പൂക്കളുള്ള ഒരു ഷിഫോണ്‍ സാരിയാണ് അവള് ഉടുത്തിരുന്നത്,അവള്‍ക്കപ്പോഴും കൈതപൂക്കളുടെ സുഗന്ധം ആയിരുന്നു...
പിന്നീടു നിശബ്ദ പ്രണയത്തിന്റെ നാളുകള്‍ ... കണ്ണുകള്‍ , കണ്ണുകളെ പ്രണയിച്ചു.. ഒരു ദിവസം പോലും അവളെ കാണാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.. ഒഴിവു ദിവസങ്ങളില്‍ ഉറങ്ങാതെ കഴിച്ച നാളുകള്‍ ...
അവളെ പറ്റി കൂടതലായി ഒന്നും ചോദിച്ചില്ല, അവളും...
ദിവസങ്ങള്‍ ഋതുക്കള്‍ക്ക് വഴി മാറി, വസന്തങ്ങള്‍ കൊഴിഞ്ഞു.. അവളും മാറുകയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു..
അറിഞ്ഞു കൊണ്ട് ഒരു ഒഴിഞ്ഞു മാറ്റം, പൊട്ടിത്തെറിക്കു ശേഷമുള്ള മരണത്തിനെക്കള്‍ മരവിപ്പുല്ലാ അഗ്നിപര്‍വതത്തിന്റെ ഭയാനകമായ ശാന്തത ആയി അതയാള്‍ക്ക് തോന്നി...
മുറ്റത്തെ ഗുല്‍മോഹറിന്റെ അവസാനത്തെ പൂവും കൊഴിഞ്ഞു തീര്‍ന്ന ഒരു ദിവസം, അയാള്‍ അവളോട് പ്രഘ്യാപിച്ചു...!!
"നീയില്ലെങ്കില്‍ എനിക്ക് ജീവിതം ഇല്ലാ .. എന്റെ ജീവന് നീ ആണ്, "ഞാന്‍ നിന്നെ കല്യാണം കഴിക്കാന്‍ പോവാണ്" പിന്നെടെന്തോക്കെയോ പറയാന്‍ ശ്രമിച്ചു ഒന്നും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍ വല്ലാതെ കിതച്ചു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു....
മുന്‍പ് മനസ്സില്‍ പറഞ്ഞുറച്ച എന്തോ ഒന്നിനായി അവള് തിരയുന്ന പോലെ തോന്നി, അവളില്‍ നിന്നു പുറത്ത് വന്നത് തേങ്ങലുകള്‍ മാത്രമായിരുന്നു... പിന്നീടൊന്നും അവള് സംസാരിച്ചില്ല..
അതിനു ശേഷം രണ്ടു ദിവസത്തേക്ക് അവളെ കണ്ടില്ല മൂന്നാം ദിവസം വളരെ നേരത്തെ അവളെത്തി,
ഓഫീസിനടുത്തായത് കൊണ്ട് അയാളും.
"രണ്ടാളും നേരത്തെ ആണല്ലോ, ഞാന്‍ ഇപ്പോള്‍ ചായ കൊണ്ട് വരാം " പ്യൂണ്‍ പുറത്ത് പോയീ..
അയാള്‍ അവളെ കെട്ടി പിടിച്ചു നെറുകയില്‍ ചുംബിച്ചു, പവിത്ര പ്രണയത്തിന്റെ ആദ്യത്തെ ദിവ്യ സ്പര്‍ശം.
"എന്ത് പറ്റി നിനക്ക് , നീ എവിടെ ആയിരുന്നു " അയാള്‍ ചോദിച്ചു നിര്‍ത്തി.
അയാളെ പിടിച്ചു മാറ്റികൊണ്ട് അവള് പറഞ്ഞു
" ഒന്നും വിചാരിക്കരുത് എന്റെ വിവാഹം വേറൊരാളുമായി ഉറപ്പിച്ചിരിക്കുകയാണ് " അവള്‍ക്കപ്പോള്‍ വല്ലാത്ത ഒരു ഭാവം ആയിരുന്നു, അയാള്‍ ഇതുവരെയും സങ്കല്പ്പിക്കാത്തത്...
രണ്ടുപേരും അറിയാതെ പൂക്കള്‍ കൊഴിഞ്ഞ ഗുല്‍മോഹര്‍ മരത്തിലേക്ക് ഒന്ന് നോക്കി...
അയാള്‍ക്ക് ശ്വാസം നിലച്ചത് പോലെ തോന്നി, ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു.
അയാളെ ഒഴിവാക്കാനെന്നോണം അവള് മുഖം തിരിച്ചു, അവള് കരയുകയായിരുന്നു. അവള് തിരിച്ചു പോയി. ഉച്ചവരെ അയാള്‍ ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ കഴിച്ചുകൂട്ടി.പിന്നെ രണ്ടും കല്പ്പിച്ചു അവളുടെ വീടന്വേഷിച്ച് കണ്ടെത്തി അവിടെ ചെന്നു.
അയാള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു അല്ലെങ്കില്‍ അറിയില്ലായിരുന്നു..!!
തകര്‍ന്നു വീഴാറായ ഒരു പഴയ ഓടു പുര മുറ്റത്തു ഓടി കളിക്കുന്ന രണ്ടു പെണ്‍കുട്ടികളും ഇറയത്ത് ഇരുന്നു പഠിക്കുന്ന മറ്റൊരു കുട്ടിയും.
" അരുന്ധതീടെ വീട് ഇത് തന്നെ അല്ലെ ?"
"ചേച്ചീ " എന്ന് വിളിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അകത്തേക്കൊടീ..
" ആരാ ഇതു കയറിയിരിക്കു " അരുന്ധതി ഇറങ്ങി വന്നു.
"അച്ചന് ..?"
"കിടപ്പിലാ" അവളുടെ നിര്‍വികാരമായ മറുപടി "ഈ കുട്ടികള്‍ക്ക് ഞാനല്ലാതെ വേറാരും ഇല്ല.."
" അപ്പൊ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞത് " അയാള്‍ക്ക് ചോദികാതിരിക്കാന്‍ കഴിഞ്ഞില്ലാ
" അത് സത്യം തന്നെയാ " അയാളുടെ മുഖം നോക്കാതെ അവള് പറഞ്ഞു
" ഞാന്‍ ചായ എടുക്കാം " വിതുമ്പലോടെ അവള് പറഞ്ഞൊപ്പിച് അകത്തേക്ക് കയറി
അയാള്‍ ഇറങ്ങി ഓടുകയായിരുന്നു, ആദ്യം മരിക്കാന്‍ തീരുമാനിച്ചു പക്ഷെ കഴിഞ്ഞില്ലാ, പിന്നീട് സ്വയം നശിക്കാന്‍ തുടങ്ങി.. ബോംബെയിലും, കല്‍ക്കട്ടയിലും എരിഞ്ഞു തീര്‍ന്ന നാളുകള്‍.. അവളെ മറക്കാനാകാതെയും, മരിക്കാനാകാതെയും കഴിഞ്ഞ നാളുകള്‍, വര്‍ഷങ്ങളോളം... ഒടുവില്‍ വീട്ടുകാര്‍ തേടി പിടിച്ചു, വീണ്ടും ജോലി, വിവാഹം, കുട്ടികള്‍ അങ്ങനെ...
ഇപ്പോഴും രാത്രിയുടെ അവസാന യാമങ്ങളില്‍ വിയര്‍ത്തോട്ടിയ സാരിയുമായി പൂച്ചകുട്ടിയെ പോലെ കിടന്നുറങ്ങുന്ന രേഖയുടെ ശ്വസങ്ങല്‍ക്കൊപ്പം അവളും തികട്ടി വരുന്നു...
* * *
"ടാന്ഗ്" , ക്ലോക്കിന്റെ കാലന് സൂജി ഒന്നില്‍ തൂങ്ങി നിന്നു..
അയാള്‍ ഭൂതകാലത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു, ഒരിക്കല്‍ കൂടി അരുന്ധതിയെ നോക്കി.. എന്നിട്ട് ഉറച്ച കാല് വെപ്പുകളുമായി അകത്തേക്ക് നടന്നു.
"നീയില്ലെങ്കില്‍ എനിക്ക് ജീവിതം ഇല്ലാ .. എന്റെ ജീവന് നീ ആണ്" ഈ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി...
" ഊണ് കാലായിട്ടോ, വിളംബി വച്ചിട്ടുണ്ട്" രേഖ പറഞ്ഞിട്ട് പോയി.
അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല, അകത്തു നിന്നു ഡയറക്ടറി തപ്പിയെടുത്തു...
നമ്പര്‍ ഡയല് ചെയ്തു..
" ഹലോ" അപ്പുറത്ത് നിന്നു പരുക്കനായ ശബ്ദം.
" പത്രമാഫീസല്ലേ " അയാള്‍ ചോദിച്ചു.
" അതെ എന്താ കാര്യം " ഓഫീസര്‍ തിടുക്കം കൂട്ടി
" ഒരു ചരമ വാര്‍ത്തയുണ്ടായിരുന്നു "
"ഉം.. പേര്.? " അപ്പുറത്ത് നിന്നു നിര്‍വികാരമായ ചോദ്യം
" അരവിന്ദന് , വയസ്സ് 61 , ഭാര്യ രേഖ, മക്കള്‍ അനൂപ് , ആതിര ( ചിന്നു )...... " അയാള്‍ക്ക് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, റിസീവര്‍ താഴെ വീണു..
" ഹലോ , ഹലോ " അപ്പുറത്ത് ഫോണ്‍ കട്ടായി..
രേഖ വിളംബി വെച്ച ചോറ് നോക്കാതെ അരവിന്ദന് പുറത്തേക്ക് കുതിച്ചു... രാജധാനി എക്സ്പ്രസ്സിന്റെ ഹോണ്‍ അരവിന്ദന് അപ്പോള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു....
ചാരുകസേരയില്‍ ഉപേക്ഷിക്കപെട്ട പത്രത്തിന്റെ മരണ കോളത്തില്‍ "അരുന്ധതി " അപ്പോഴും ചിരിക്കുക ആയിരുന്നു...