Sunday, July 15, 2012

ജാലകം


വീശിയടിച്ച അപ്പൂപ്പന്‍ കാറ്റില്‍ ഇളകിയാടുന്ന കരിമ്പനകള്‍ക്കിടയില്‍ താന്‍ പേറുന്ന ഈ മരവിപ്പ് അലിയിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അവള്‍ വീണ്ടും വീണ്ടും ആഗ്രഹിച്ചുകൊണ്ടിരിക്കെ രൌദ്ര ഭാവം പൂണ്ടെത്തിയ ഒരു കാറ്റ് അവളുടെ പ്രതീക്ഷകളുടെ  ജാലകം കൊട്ടിയടച്ചു. നേര്‍ത്ത വഴിക്കാഴ്ചകള്‍ തനിക്കന്യമാക്കിയ കാറ്റിനെ ശപിക്കാതെ തന്നെ തുരുമ്പിച്ച ആ ജനലഴികളില്‍ നിന്നും അവള്‍ കൈകള്‍ അടര്‍ത്തി മാറ്റി, ഹൃദയത്തിലെ തുരുമ്പുകളില്‍ വ്രണമായ് പൊട്ടിയൊലിച്ച ചിന്തകള്‍ക്ക് അപ്പോള്‍ കരിമ്പനകളില്‍ ഊളിയിടുന്ന കടവാവലുകളെക്കാള്‍  വേഗത ഉണ്ടായിരുന്നു. 

തന്റെ ജീര്‍ണ്ണതകളുടെ തകര്‍ന്ന അസ്ഥിഭാരവും പേറി ഒരു പക്ഷെ ഇന്നയാള്‍ വരില്ലായിരിക്കാം, പക്ഷെ താന്‍ അനുഭവിക്കുന്ന ഈ ഹൃദയ ഭാരം ഇന്നെങ്കിലും  ഇറക്കി വക്കണം....!!

വഴി തെറ്റി വന്ന ഒരു ക്ഷണിക്കപെടാത്ത  അതിഥി ആയിരുന്നു അയാള്‍ , തന്റെ ഏകാന്തതയുടെ തടവറകളില്‍ താന്‍ അനുഭവിക്കുന്ന  സ്വര്‍ഗങ്ങള്‍ എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രത്യക്ഷപെട്ടവന്‍.. ,  ഞാന്‍ എന്ന വ്യക്തിക്ക് മുന്നില്‍ കടന്നല്‍ കൂട്ടമായെത്തുന്ന സമൂഹത്തില്‍ അയാളെ മാത്രം വേര്‍തിരിച്ചു കാണാന്‍ കഴിഞ്ഞില്ലാ... 

ചിന്തകളെ എന്നിലേക്ക്  മാത്രം വലിച്ചടുപ്പിക്കാന്‍ ഞാന്‍ സൃഷ്ടിക്കുന്ന വളയങ്ങളില്‍ ഒരിക്കല്‍ പോലും അയാള്‍ പ്രവേശിച്ചിട്ടില്ല. എങ്കിലും പഴകിയ ഈ മട്ടുപ്പാവിന്റെ മരത്തില്‍ തീര്‍ത്ത പടികള്‍ അയാള്‍ ഒരിക്കലും ചവിട്ടതിരുന്നെങ്കില്‍ , ഈ തുരുമ്പിച്ച ജനലഴികല്‍ക്കുമപ്പുറം എനിക്ക് മാത്രമായ്‌ പൂക്കുന്ന ഗുല്‍മോഹറുകള്‍ എനിക്കൊരിക്കലും അന്യമാവില്ലാ..

വസന്തങ്ങള്‍ കൊഴിഞ്ഞു തീര്‍ന്ന ഒരു വേനല്‍കാല സന്ധ്യയില്‍ ഒരു സുഹൃത്ത്‌ പറഞ്ഞത് യാതൊരു കാരണവുമില്ലാതെ അപ്പോള്‍ അവള്‍ ഓര്‍ത്തു പോയി .

" സത്യത്തില്‍ ഇത് തന്നെയല്ലേ പ്രണയം..?"

അല്ല എന്നോ ആതെ എന്നോ ഉത്തരം പറയാന്‍ തോന്നിയില്ല , ഉയര്‍ന്നു പറക്കാന്‍ ശ്രമിക്കുന്ന രണ്ടു ചിത്ര ശലഭങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ. അന്നായിരുന്നു ആദ്യമായ് പ്രണയത്തെ പറ്റി ചിന്തിച്ചത് , പിന്നീടു പലപ്പോഴും ചിന്തകളില്‍  ഗുല്‍മോഹറുകള്‍ കാലം തെറ്റി പൂക്കുകയും , തേന്‍ കുടിക്കാനെത്തുന്ന കൊച്ചു കുരുവികള്‍ സ്വപ്നങ്ങളില്‍ വട്ടമിട്ടു പറക്കുകയും ചെയ്തു.

അങ്ങിനെ കാലം ഒച്ചിനെപോലെയും , സ്വപ്നങ്ങളുടെ ആകാശം കറുക്കുകയും വെളുക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു ദിവസം വെളിപാട് പോലെ ഒരു മുന്നറിയിപ്പും ഇല്ലാതെ ചിന്തകളുടെ സ്വച്ച മണ്ഡലങ്ങളില്‍ അയാളുടെ ഗന്ധം പറന്നെത്തി. 

'വിവാഹം കഴിക്കുക എന്നത് ജീവിതത്തില്‍ പരമമായ ലക്ഷ്യമാണെന്ന്  എല്ലാവരെയും പോലെ അയാളും വിശ്വസിക്കുന്നുണ്ടാവും , സ്വയം സൃഷ്ടിക്കുന്ന  മൂഡസ്വര്‍ഗങ്ങളില്‍ അയാളും ഒരു വിഡ്ഢിയുടെ വേഷം കേട്ടുന്നുണ്ടാവും' 
കാരണമൊന്നും ഇല്ലാതെ അവള്‍ക്കപ്പോള്‍ ചിരിക്കണമെന്ന് തോന്നി...

കഴിഞ്ഞ കുറച്ചു ദിനങ്ങള്‍ക്കുള്ളില്‍ എന്‍റെ സ്വപ്നങ്ങളുടെ തടവറകളുടെ  ഏകാന്തത ഒഴിവാക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളെയെല്ലാം ഫലപ്രധമായ് തന്നെ  തനിക്കു അതിജീവിക്കാന്‍ കഴിഞ്ഞു എന്നത് അവളെ അഭിമാനിപ്പിച്ചു. എങ്കിലും അയാള്‍ വരുമ്പോള്‍ പറയാനുള്ള ഉത്തരങ്ങളും , കാര്യങ്ങളും ഒന്നല്ല ഒരായിരം തവണ തിരിച്ചും മറിച്ചും മനസ്സിനെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നെങ്കിലും ..

ഒരു നിമിഷം പതറിപോയാല്‍......? അയാളില്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത കണമെങ്കിലും ബാക്കി ആയാല്‍ ...? 
ഇല്ല ,,, അതനുവതിക്കരുത്.... ഇനിയൊരിക്കലും അയാള്‍ എന്നെ തേടി വരരുത് ..... !!

അയാള്‍ അലസമായ് എഴുതി ചുരുട്ടി എറിയുന്ന കടലാസ് കഷണങ്ങളില്‍ ഒന്നായ്‌ താന്‍ മാറിയിരുന്നെങ്കില്‍  എന്ന് നിഷ്കളങ്കമായ് തന്നെ അവള്‍ ആഗ്രഹിച്ചു... 

ഇടക്കെപ്പോഴോ എനിക്ക് സംസാരിക്കണം എന്നാ അയാളുടെ കുറിപ്പടിക്ക് പകരമായ് സംസാരിക്കാന്‍ തീരുമാനിച്ചതും , സംസാരത്തില്‍ രണ്ടു പേര്‍ക്കും ഒന്നും പരയാനില്ലെന്നറിഞ്ഞതും , ഇഴഞ്ഞു  നീങ്ങിയ കാലന്‍ സൂജികളില്‍ ആകെ കുറച്ചു  വാക്കുകള്‍ മാത്രം സംസാരിച്ചു അവസാനിപ്പിച്ചതും..... 

"മഴയേയും , കടലിനെയും ഞാനും സ്നേഹിക്കുന്നു " 

എന്ന അയാളുടെ വാക്കുകള്‍ ഒരു ഞെട്ടലയിരുന്നെങ്കിലും എന്‍റെ ലക്ഷ്യങ്ങളിലെക്കുള്ള യാത്രയില്‍ ഒരധികഭാരം പെറാന്‍ മറ്റൊരാള്‍ കൂടി വേണ്ട എന്ന മനസ്സില്‍ അരക്കിട്ടുറപ്പിച്ച തീരുമാനത്തില്‍ ഉറച്ചു നിന്നു .... 

നിലത്തു വീണു ചിതലരിച്ച അയാളുടെ കുറച്ചു വാക്കുകളില്‍..., 

 "ആദ്യമായ് നമ്മള്‍ കാണുമ്പോള്‍ മഴ പെയ്യും .." 

എന്നത്  ശെരി വക്കും തരത്തില്‍ അപ്പോള്‍ ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി കൊണ്ടിരുന്നു

ചിന്തകളുടെ  മാനം കൂടുതല്‍ കറുപ്പിച്ചുകൊണ്ട്‌ താഴത്തെ തുളസി തറക്ക് സമീപം   കാര്‍ ഇരമ്പലോടെ വന്നു  നിന്നു.  ഒരു ഉള്‍ക്കിടിലതോടെ  അവള്‍ അടഞ്ഞ ജാലകത്തില്‍  നിന്നും മുഖം  തിരിച്ചു, മച്ചില്‍ നിന്നും തലയിട്ടു നോക്കിയ ഒരു പല്ലി തന്നെ മാത്രം ശ്രദ്ധിക്കുന്നു എന്നാ തോന്നല്‍ അവളുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി. ഇളകിയാടുന്ന പെണ്ടുലങ്ങലോടോപ്പം അവളുടെ കണ്ണുകള്‍ ചലിച്ചുകൊണ്ടിരുന്നു. മിനിട്ടുകള്‍ക്കപ്പോള്‍ മണിക്കൂറുകലെക്കാള്‍ നീളമുണ്ടെന്നു അവള്‍ വിശസിച്ചു.....

ഘടികാര സൂചികള്‍ ചലിപ്പിച്ച നിശബ്ദതയെ നിശ്ചലമാക്കി കൊണ്ട്  പഴകിയ മരപ്പടികളില്‍ അയാളുടെ കാലുകളുടെ പതിഞ്ഞ ശബ്ദം അടുത്തുകൊണ്ടിരുന്നു, അപ്പോള്‍  കാറ്റിലാടുന്ന കരിമ്പനകളിലേക്ക് പറക്കാനെന്നോണം അവള്‍ ഭ്രാന്തമായ് ജാലക പാളികള്‍ തള്ളി  തുറന്നു.. ഹൃദയ മിടിപ്പുകല്‍ക്കൊപ്പം പതിഞ്ഞടുക്കുന്ന കാലടി ശബ്ദങ്ങള്‍ അവള്‍ എണ്ണി   തുടങ്ങി..

ഒന്ന് , രണ്ടു , മൂന്നു ......

മുകളിലപ്പോള്‍ വികൃതിയായ ഒരു കാര്‍മേഘശകലം ഏതു നിമിഷവും പോട്ടിയോലിച്ചലിഞ്ഞു ജലപുഷ്പമാവാന്‍ തയ്യാറെടുക്കുകയായിരുന്നു..... 

No comments:

Post a Comment