Thursday, July 26, 2012

അപ്പൂപ്പന്‍ താടികള്‍

 പൊടിപിടിച്ച ഈ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ താന്‍  ഏതു  നിമിഷവും തന്റെ സ്വപ്നങ്ങളുടെ ജീര്‍ണ്ണതയിലെ  മരവിച്ച അസ്ഥികൂടങ്ങളെ പോലെ സ്വയം സൃഷ്ടിക്കുന്ന  കുഴിമാടങ്ങളില്‍ അലിഞ്ഞില്ലതാകും എന്ന തോന്നലില്‍ അരവിന്ദന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.


വര്‍ഷങ്ങളായി  മുന്‍പില്‍ അടിഞ്ഞു കൂടി കിടക്കുന്ന ഈ ബാധ്യതകളുടെ പര്‍വതങ്ങളില്‍ യാന്ത്രികമായ്‌ ചലിക്കുന്ന ഒരു  പാവ മാത്രമാണ് താനെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും ചിലപ്പോഴെങ്കിലും  സ്വപ്നങ്ങളുടെ വേലിയേറ്റങ്ങളില്‍ അസ്ഥികൂടങ്ങള്‍ക്ക് ചിറകു മുളക്കുകയും അവ രക്ത പുഷ്പങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുകയും ചെയ്യുക എന്നത് ആശ്വാസമാണ് എന്നാ തോന്നലില്‍  പഴകിയ കണ്ണട ഫ്രെയിമുകള്‍ക്കുള്ളില്‍ അരവിന്ദന്റെ കൃഷ്ണ മണികള്‍ ചെറുതായൊന്നു തിളങ്ങി. അയാളുടെ മനസ്സിലപ്പോള്‍ പ്രതീക്ഷകളുടെ  ഒരു കൊച്ചു  മേഘ ശകലം മഴയായ് പെയ്തിറങ്ങി ഒരു നിമിഷം അരവിന്ദന്‍ അറിയാതെ തന്നെ കണ്ണുകള്‍ പാതി മറഞ്ഞു നിന്നു .


താന്‍ ഒരിക്കലും ഈ ജോലിക്ക് വേണ്ടി ജനിച്ചവനല്ല മറിച്ച് മഹത്തായ മറ്റെന്തോ തന്നിലൂടെ പൂര്‍ത്തികരിക്കാനുണ്ട് എന്നാ തീവ്രമായ ഓര്‍മപ്പെടുത്തല്‍  മറ്റെല്ലാവേരെയും പോലെ അരവിന്ദനെയും വെട്ടയാടുന്നുന്ടെങ്കിലും  , തന്റെ വിരസമായ ആവര്‍ത്തനങ്ങളില്‍ ഒഴിവാക്കപ്പെടാനാകാത്ത  ഈ ഓഫീസ് മുറിയുടെ ശ്മശാന മൂകതയില്‍ താന്‍ നെയ്തു കൂട്ടിയ  പ്രതീക്ഷകളുടെ ചിലന്തി  വലകളില്‍ ശ്വാസം മുട്ടുന്ന കൊച്ചു സ്വപ്നങ്ങളുടെ നോമ്പരങ്ങലുമായ് പൊരുത്തപ്പെടാന്‍ തനിക്കു കഴിയുന്നു എന്നത് തന്നെ മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാക്കുന്നു എന്ന് അരവിന്ദന്‍  അടിയുറച്ചു വിശ്വസിച്ചു . പൂരിപ്പിച്ചു  തയ്യാറാക്കി വച്ചിരിക്കുന്ന അപേക്ഷകളുടെ കൂമ്പാരങ്ങള്‍ തന്റെ പ്രതീക്ഷയുടെ തകര്‍ന്ന ചില്ല് കൂടാരങ്ങള്‍ മാത്രമാണ് എന്നുറപ്പാണെങ്കിലും , ഒരിക്കല്‍ പോലും അവയില്‍ ഒന്ന് പോലും അയക്കാന്‍ കഴിഞ്ഞിലാ എന്ന സത്യത്തില്‍ അരവിന്ദന്‍ അപ്പോള്‍ ചെറുതായൊന്നു ഞെരങ്ങി.... 

വീട് എന്നത് തന്റെ ഭ്രാന്തുകളില്‍ തനിക്കഭയം തേടാന്‍ ഒരിടം , അതിലുപരി എന്താണ് എന്ന ചോദ്യം പല ആവര്‍ത്തി മനസ്സിനോട് ചോദിച്ചിട്ടും  അത് ഉത്തരം കണ്ടെത്താനകാത്ത ഒരു പ്രഹേളിക മാത്രമാണെന്നത് തിരിച്ചറിഞ്ഞത് ഒരു തരത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ചിന്തകളുടെ മറ്റൊരു ആവര്‍ത്തനം മാത്രമാണതെന്ന്‍അരവിന്ദന് ബോധ്യമുണ്ടായിരുന്നു.


ജീവിതത്തിലോരിക്കലെങ്കിലും തനിക്കും വീടിനുമിടയിലെ അപരിജതത്വം സാങ്കല്‍പ്പികം മാത്രമാണെന്ന് വിശ്വസിക്കാന്‍ പാകത്തില്‍ താന്‍ ഒന്നും ചെയ്തിട്ടില്ല  എന്ന സത്യം മുന്നിലൂടെ പറന്നുയര്‍ന്ന ഒരു അമ്പലപ്രാവിന്റെ ചിറകടികള്‍ക്കൊപ്പം ചിന്തയുടെ ബോധ മണ്ഡലങ്ങളില്‍ മുഴങ്ങിയത് അരവിന്ദന്റെ  മനസ്സിനെ പിടിച്ചുല്ലക്കുക തന്നെ ചെയ്തു.


 പറന്നുയര്‍ന്ന പ്രാവിന്റെ പൊടിപടലങ്ങളില്‍ മൂക്ക് വിടര്‍ത്തി മലിനമായ അന്തരീക്ഷത്തിന്റെ ജീവന്‍ തന്നിലേക്കാവാഹിച്ചു അരവിന്ദന്‍ ഉള്ളില്‍ തടഞ്ഞു വെച്ച വായു കണികകള്‍ അതി ശക്തിയായ് പുറത്തേക്കു തള്ളി.നിശബ്ദ മണ്ഡലങ്ങളെ പിടിച്ചുലച്ച ആ തുമ്മലുകളില്‍ ഒരു നിമിഷത്തെക്കെങ്കിലും അയാള്‍ അണ കെട്ടി വച്ചിരുന്ന ചിന്തകളെയെല്ലാം പുറത്തേക്കു തള്ളി വിട്ടു, പുറത്തെക്കൊലിച്ച ആ ജലധാരയില്‍ അപ്പോള്‍ ആദ്യമായ് അരവിന്ദന്‍ നിഗൂഡമായ ഒരു ആനന്ദം കണ്ടെത്തി..


" ഇന്ന് എനിക്കല്‍പ്പം നേരത്തെ പോണം "  പ്യൂണിന്റെ പഴകി തേഞ്ഞ വാക്കുകള്‍ക്കു മറുപടിയായ് തന്റെ ജോലികളില്‍ താന്‍ അതീവ ശ്രദ്ധാലുവാണ്‌ എന്ന് അയാളെ ബോധിപ്പിക്കുന്ന തരത്തില്‍ വ്യക്തമായും കേട്ട വാക്കുകള്‍ വിസ്മരിച്ചു കൊണ്ട്.


" എന്ത് ..? " മുഖം ഉയര്‍ത്താതെ തന്നെ അരവിന്ദന്‍ ചോദിച്ചു


" എനിക്കല്‍പ്പം നേരത്തെ പോണം " തന്റെ വാക്കുകളില്‍ തളം കെട്ടി നിന്ന നിസ്സന്‍ഗത  ഒഴിവാക്കികൊണ്ട് അല്പം ഉച്ചത്തില്‍ തന്നെ പ്യൂണ്‍ ആവര്‍ത്തിച്ചു .


" ഉം .."


എന്തിനു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്ങിലും , തന്റെ നിശബ്ദതയുടെ വലയങ്ങളില്‍ മറ്റൊരാളും അതികപറ്റാവരുതെന്നു അരവിന്ദന് നിര്‍ബന്ധം ഉണ്ടായിരുന്നു.


പ്യൂണ്‍, മേശയില്‍ അലസമായി ചിതറി കിടന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒഴിഞ്ഞു കിടന്ന ചായ കപ്പുമായ് പുറത്തേക്കു പോയി. അലസമായി ചിതറിയ ആ കടലാസുകളിലേക്ക് അല്ലാതെ എന്തോ അരവിന്ദന് അയാളുടെ മുഖത്ത് നോക്കാന്‍ കഴ്ഞ്ഞില്ലാ.


രാവിലെ ഓഫീസിലേക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഭാര്യ കുടഞ്ഞിട്ടു പോയ ആവശ്യങ്ങളുടെ പട്ടികകള്‍ ഓര്‍ത്തെടുക്കാന്‍ അരവിന്ദന്‍ ആത്മാര്‍ത്തമായി തന്നെ പരിശ്രമിച്ചു കൊണ്ടിരിക്കെ, ജീവിതത്തില്‍ ഒരിക്കല്‍ പോലും അത്തരം പട്ടികകള്‍ പൂര്‍ത്തിയാക്കനായിട്ടില്ലെങ്കിലും വെറുതേ എന്നത്തെയും പോലെ അതിനെ ചുറ്റിപറ്റിയുള്ള ചിന്തകളില്‍ സ്വയം മുഴുകി അരവിന്ദന്‍ ഒരു പാതി മയക്കത്തിലെത്തി നിന്നു. കനം തൂങ്ങിയ കണ്പോളകള്‍ മുകളില്‍ പതിയെ കറങ്ങുന്ന ഫാന്‍ ലീഫുകള്‍ക്ക് ലംബമായ് കണ്ണുകള്‍  ക്രമീകരിച്ചുകൊണ്ട്‌ തന്‍റെ സ്നിഗ്ദ്ധധകളില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ അയാള്‍ തലകള്‍ ചരിച്ചു വച്ചു.


ഇത്തരം നിശബ്ദമായ നിമിഷങ്ങളില്‍ തന്നെ നിരന്തരമായ്‌ വര്‍ത്തമാന സത്യങ്ങളിലെക്ക് വിളിച്ചുണര്‍ത്തുന്ന ദ്രവിച്ചു തുടങ്ങിയ ഫോണ്‍ റിസീവര്‍ അലസമായ് വിശ്രമിക്കട്ടെ എന്നതായിരുന്നു അരവിന്ദന്റെ മനസ്സിലപ്പോള്‍ ഏറ്റവും തീവ്രമായ ഏക  സ്വപ്നം. 

യാത്ര പറയാനെത്തിയ പ്യൂണ്‍ റൂമിലേക്ക് തലയിട്ട ശേഷം മനസ്സിലവശേഷിച്ച അവസാനത്തെ ഓഫീസ് വിഴുപ്പും റൂമിലേക്ക് വലിച്ചെറിഞ്ഞു യാത്രയായ് എന്നത് നിറം മങ്ങിയ ഒരു ചിത്രമായ്‌  ഒട്ടും വ്യക്തമാവാതെ അരവിന്ദന്‍ കണ്ടു. 

പാതി മയക്കത്തില്‍ ചിന്തകളുടെ സ്വര്‍ഗകവാടങ്ങള്‍ അരവിന്ദന്റെ മുന്പില്‍ തുറന്നു കിടന്നു ,  മനസ്സിനപ്പോള്‍    മുകളില്‍ പതിയെ കറങ്ങുന്ന ഫാനിനെക്കാള്‍  വേഗമുണ്ടായിരുനു. അലസമായ് പറന്നുയര്‍ന്ന അമ്പലപ്രാവ് അപ്പോഴും ഇരിക്കാനാവാതേ മുകളില്‍  വട്ടമിട്ടു. അപ്പോള്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ അരവിന്ദന്‍ സൃഷ്ടിക്കുന്ന കൊച്ചു സ്വര്‍ഗങ്ങളില്‍ പതിവ് വിരുന്നുകാരെല്ലാം   വരിവരിയായ് ആഗാതരാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കായിരുന്നു ....

No comments:

Post a Comment